വാഷിംഗ്‌ടൺ: ഒമ്പത് മാസത്തോളം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞശേഷം ഇന്ന് പുലർച്ചെയാണ് നാസയുടെ ശാസ്‌ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലെത്തിയത്. ഇന്ത്യൻ വംശജയായ സുനിത ഇന്ത്യയുമായുള്ള ബന്ധം നിലനിർത്താൻ പലപ്പോഴും ശ്രമിക്കാറുണ്ട്. ഇന്ത്യൻ ഭക്ഷണങ്ങൾ ഏറെ ഇഷ്‌ടപ്പെടുന്ന സുനിത ആത്മീയ കാര്യങ്ങളിലും ശ്രദ്ധിക്കാറുണ്ട്.
ബഹിരാകാശ യാത്രയ്‌ക്കിടെ ഹിന്ദുദേവനായ ഗണപതിയുടെ വിഗ്രഹവും ഭഗവദ്‌ഗീതയും ഇന്ത്യൻ പലഹാരമായ സമൂസയും അവർ ഒപ്പം കരുതി. ഒറ്റയ്‌ക്കുള്ള ബഹിരാകാശ യാത്രകളിലെല്ലാം ഭഗവദ്‌ഗീത നിർബന്ധമായും കരുതാറുണ്ടെന്ന് സുനിത നേരത്തേ പറഞ്ഞിരുന്നു. ദൗത്യത്തിനിടെ ഭൂമിയെ ചുറ്റുമ്പോൾ ഈ പുണ്യഗ്രന്ഥങ്ങളിൽ നിന്ന് ജ്ഞാനവും ശക്തിയും നേടിയെടുക്കാനാണ് ഇവ കരുതിയിരുന്നത് എന്നായിരുന്നു പറഞ്ഞത്.
ഗണപതി ഭാഗ്യദേവനാണെന്നും താനൊരു തികഞ്ഞ ഭക്തയാണെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഭഗവാൻ ഒപ്പമുണ്ടെന്നാണ് എപ്പോഴും കരുതുന്നത്. അദ്ദേഹം തന്നെ വഴിനടത്തുന്നതായാണ് വിശ്വസിക്കുന്നതെന്നും മുമ്പ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സുനിത പറഞ്ഞിരുന്നു. ഇതുതന്നെയാവണം ഇത്തവണയും ഗണപതി വിഗ്രഹവുമായി ബഹിരാകാശത്തേക്ക് പോകാൻ സുനിതയെ പ്രേരിപ്പിച്ചത്.
ഗുജറാത്തിലെ മെഹ്‌സാന സ്വദേശിയായ ദീപക് പാണ്ഡ്യയാണ് സുനിതയുടെ പിതാവ്. 1957ലാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്. സുനിത സുരക്ഷിതയായി ഭൂമിയിലെത്തിയ വാർത്തയറിഞ്ഞതിന്റെ ആഘോഷത്തിലാണ് മെഹ്‌സാനയിലെ ജനങ്ങൾ. അഖണ്ഡ ജ്യോതി തെളിച്ചാണ് നാട്ടുകാർ പ്രാർത്ഥന നടത്തിയത്. സുനിതയെ ഇവിടേക്ക് ക്ഷണിക്കാനും അവർ പദ്ധതിയിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |