തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ അനിശ്ചിതകാലമായി സമരം ചെയ്യുന്ന ആശാ വർക്കർമാർ ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഓണറേറിയം ഉൾപ്പടെയുള്ള കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്ന് ആശ വർക്കർമാർ അറിയിച്ചു. ഇതോടെ നിരഹാര സമരവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലേക്ക് ആശമാർ കടക്കും.
മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ ചർച്ചയിലുണ്ടായിട്ടില്ലെന്നും ആശമാർ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 12.30ന് നാഷണൽ ഹെൽത്ത് മിഷൻ കോർഡിനേറ്ററുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സർക്കാരിന്റെ കയ്യിൽ പണമില്ലെന്നും സമയം നൽകണമെന്നും സമരത്തിൽ നിന്നും പിന്മാറണമെന്നുമാണ് എൻഎച്ച്എം അധികൃതർ ആവശ്യപ്പെട്ടത്. സമരത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യം അംഗീകരിക്കില്ല. നാളെ മുതൽ നിരഹാര സമരം കൂടുതൽ ശക്തമാക്കുമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു.
ഓണറേറിയം 700 രൂപയാക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറല്ല. വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഉത്തരവ് ഡയറക്ടറെ കാണിച്ചു. അതും ചർച്ച ചെയ്യാൻ അവർ തയ്യാറായില്ല. 62ാം വയസിൽ പിരിച്ചുവിടാമെന്ന മുൻ ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അത് സംബന്ധിച്ച് യാതൊരു അറിയിപ്പും ഇല്ലെന്ന് മിനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |