തിരുവനന്തപുരം: കടൽമണൽ ഖനനത്തിനുള്ള ടെണ്ടർ നടപടികൾ ഒരു മാസത്തേക്കു നീട്ടുന്നതല്ല, മറിച്ച് ഖനനം തന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് കേരളത്തിനു വേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അതിൽ കുറഞ്ഞതൊന്നും ജനങ്ങൾ അംഗീകരിക്കില്ല. കടൽ മണൽ കൊള്ളയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയാൽ അതു കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.
കേന്ദ്രസർക്കാർ നടപടികളുമായി ഊർജസ്വലമായി മുന്നോട്ടുപോകുമ്പോൾ പിണറായി സർക്കാർ പുലർത്തുന്ന നിശബ്ദതയാണ് ഭയപ്പെടുത്തുന്നത്. കേരള ഹൗസിൽ ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കടൽമണൽ ഖനനം കടന്നുവന്നതായി ആരും പറയുന്നില്ല. ആശാവർക്കർമാരുടെ സമരംപോലുളള തീവ്രമായ വിഷയങ്ങളും ചർച്ചയിൽ ഉണ്ടായില്ല. ബിജെപി സിപിഎം ബന്ധം ഊട്ടിയുറപ്പിക്കുന്ന ഡീലുകളാണ് നടന്നത് എന്ന പ്രചാരണമാണ് ശക്തം.
കടൽ മണൽ ഖനനത്തിനെതിരേ നിയമസഭയിൽ പ്രമേയം പാസ്സാക്കിയതിന് ശേഷം കടൽ മണൽ ഖനനം നിർത്തിവയ്പ്പിക്കുന്നതിന് സംസ്ഥാന സർക്കാർ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. രാജ്യത്ത് ലഭിക്കുന്ന ഇൽമനൈറ്റിന്റെ 80 ശതമാനം കേരള തീരത്താണ്. സ്വകാര്യ കമ്പനികളെ കൂട്ടുപിടിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ധാതുക്കൊള്ളയുടെ പങ്കുപറ്റി സാമ്പത്തിക നേട്ടമാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള കരിമണൽ മാസപ്പടി വസ്തുതയായി നിലനില്ക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ കൂടുതൽ ശക്തിപ്പെടുകയാണെന്ന് സുധാകരൻ പറഞ്ഞു
തീരദേശ പരിപാലന നിയമം കർക്കശമാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് കൂര പണിയാൻ പോലും അനുമതി നിഷേധിക്കുന്ന സർക്കാരാണ് കൂടിയാലോചനകളില്ലാതെയും, പാരിസ്ഥിതിക പഠനം നടത്താതെയും മുന്നോട്ടു പോവുന്നത്. ടെണ്ടർ ലഭിക്കുന്ന കമ്പനി പാരിസ്ഥിതിക പഠനം നടത്തുമെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് കള്ളനെ കാവലേല്പ്പിക്കുന്നതുപോലെയാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
മത്സ്യത്തൊഴിലാളികൾ മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണ്. രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യ കേന്ദ്രമായ കൊല്ലം കടൽപ്പരപ്പിന്റെ വലിയൊരു ഭാഗം നിർദ്ദിഷ്ട ഖനന മേഖലയിലാണ്. നാല് പതിറ്റാണ്ടിലേറെയായി പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിന്റെ കേന്ദ്രമായ ഇവിടത്തെ ഖനന പ്രവർത്തനങ്ങൾ കൊല്ലം പരപ്പിന് നാശമുണ്ടാക്കുമെന്ന് കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |