സിനിമാതാരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും മലയാള സിനിമാ മേഖല പ്രതിസന്ധിയിലാണെന്നും നിർമ്മാതാക്കൾ ആവർത്തിക്കുന്നതിനിടെ ഫെബ്രുവരിയിൽ റിലീസായ ചിത്രങ്ങളുടെ നഷ്ടക്കണക്കുകൾ പുറത്ത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത 17 സിനിമകളിൽ 16 എണ്ണത്തിന്റെ കണക്കുകളാണ് നിർമ്മാതാക്കളുടെ സംഘടന പുറത്തുവിട്ടത്. തടവ് എന്ന ചിത്രത്തിന്റെ കണക്കുകൾ ലഭ്യമല്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. 16സിനിമകളുടെ ചെലവും ഇവയ്ക്ക് തിയേറ്ററിൽ നിന്ന് ലഭിച്ച കളക്ഷനുമാണ് പുറത്തുവിട്ടിരിക്കുന്നത്.
16 സിനിമകൾക്കായി ആകെ 75.23 കോടി രൂപയാണ് മുതൽ മുടക്കിയത്. ഈ സിനിമകൾക്കെല്ലാം കൂടി തിയേറ്രറിൽ നിന്ന് ലഭിച്ചത് വെറും 23.55 കോടി രൂപയാണ്, ഫെബ്രുവരിയിലെ റീലീസ് ചിത്രങ്ങളിൽ നാലെണ്ണം ഇപ്പോഴും തിയേറ്റർ പ്രദർശനം തുടരുകയാണ്, ബ്രോമാൻസ്, ഓഫീസർ ഓൺ ഡ്യൂട്ടി, ചാട്ടുളി, ഗെറ്റ് സെറ്റ് ബേബി എന്നിവയാണ് തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ഇഴ, ലവ് ഡേൽ, നാരായണീന്റെ മൂന്നാൺമക്കൾ എന്നിങ്ങനെ മൂന്നുസിനിമകളാണ് ഫെബ്രുവരി ആറിന് മലയാളത്തിൽ റിലീസ് ചെയ്തത്. ഇഴ എന്ന സിനിമയ്ക്ക് 63.83 ലക്ഷം രൂപയായിരുന്നു ബഡ്‌ജറ്റ്. എന്നാൽ തിയേറ്ററിൽ നിന്ന് ലഭിച്ചതാകട്ടെ വെറും 45000 രൂപ. 1.6 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ലവ് ഡേലിന് പതിനായിരം രൂപ മാത്രമാണ് തിയേറ്ററിൽ നിന്ന് കിട്ടിയത്.
നാരായണീന്റെ മൂന്നാൺമക്കൾ എന്നചിത്രത്തിന് 5.48 കോടി ചെലവായപ്പോൾ തിയേറ്ററിൽ നിന്ന് ലഭിച്ചത് 33.58 ലക്ഷം രൂപയാണ്. ഫെബ്രുവരി 14ന് റിലീസായത് ബ്രോമാൻസ്, ദാവീദ് , പൈങ്കിളി എന്നീ ചിത്രങ്ങളാണ്. ഇതിൽ എട്ടുകോടി രൂപ മുടക്കിയ ബ്രോമാൻസ് ഇതുവരെ നാലു കോടി രൂപ കളക്ഷൻ നേടി. ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. 9 കോടി രൂപ മുടക്കി നിർമ്മിച്ച ദാവീദ് മൂന്നരക്കോടിയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. 5 കോടി ബഡ്ജറ്റിൽ നിർമ്മിച്ച പൈങ്കിളി രണ്ടരക്കോടി കളക്ഷൻ നേടി. ഫെബ്രുവരി 13ന് റിലീസായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ ബഡ‌്ജറ്റ് 13 കോടി രൂപയായിരുന്നു. ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട് ഇതുവരെ 11 കോടി രൂപയാണ് തിയേറ്റർ കളക്ഷൻ നേടിയത്. നിർമ്മാതാക്കളുടെ കണക്കുപ്രകാരം കഴിഞ്ഞ മാസം റിലീസ് ചെയ്ത ചിത്രങ്ങളിൽ മികച്ച കളക്ഷൻ നേടിയ ചിത്രവും ഇതാണ്.
ഫെബ്രുവരി 21-ന് ചാട്ടൂളി, ഗെറ്റ് സെറ്റ് ബേബി, ഉരുൾ എന്നീ ചിത്രങ്ങൾ റിലീസ് ചെയ്തു. ചാട്ടുളി എന്ന ചിത്രം 3.4 കോടി രൂപയായിരുന്നു ബഡ്ജറ്റ്. തിയേറ്ററുകളിൽ നിന്ന് കിട്ടിയത് വെറും 32 ലക്ഷം രൂപ. 9.99 കോടി രൂപയായിരുന്നു ഗെറ്റ് സെറ്റ് ബേബിയുടെ ബഡ്ജറ്റ്. തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ഈ ചിത്രത്തിന് ഇതുവരെ 1.40 കോടി രൂപ കളക്ഷൻ ലഭിച്ചു. 25 ലക്ഷം രൂപ മുതൽ മുടക്കിയാണ് ഉരുൾ എന്ന ചിത്രം നിര്‍മിച്ചത്. ഒരുലക്ഷം രൂപയാണ് ഈ സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് ലഭിച്ചത് . 5.12 കോടി രൂപ മുടക്കി നിർമിച്ച മച്ചാന്റെ മാലാഖ എന്ന സിനിമയ്ക്ക് 40 ലക്ഷം രൂപയാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.
1.5 കോടി രൂപയ്ക്ക് നിർമിച്ച ആത്മ സഹോ എന്ന ചിത്രം വെറും 30,000 രൂപ മാത്രമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. . ഫെബ്രുവരി 28-ന് റിലീസായ അരിക് എന്ന സിനിമയുടെയും ബഡ്ജറ്റ് ഒന്നരക്കോടി രൂപയായിരുന്നു. 55,000 രൂപയാണ് ഈ സിനിമയുടെ തിയേറ്റർ വിഹിതം. അന്നുതന്നെ റിലീസായ ഇടി മഴ കാറ്റ് എന്ന സിനിമയ്ക്ക് 5.74 കോടി രൂപയായിരുന്നു ബഡ്ജറ്റ്. തിയേറ്ററുകളിൽ നിന്ന് 2.10 ലക്ഷം രൂപ മാത്രമാണ് ഈ സിനിമയ്ക്ക് കിട്ടിയത്. ആപ് കൈസേ ഹോ എന്ന സിനിമയ്ക്ക് 2.50 കോടി രൂപയാണ് ചെലവായത്. തിയേറ്ററുകളിൽ നിന്ന് അഞ്ചുലക്ഷം രൂപ മാത്രമാണ് ഈ സിനിമ നേടിയത്. രണ്ടാംയാമം എന്ന സിനിമയ്ക്കും രണ്ടരക്കോടിയായിരുന്നു ബഡ്ജറ്റ്. എന്നാൽ 80,000 രൂപയാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |