ന്യൂഡൽഹി: സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ നാളെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ രാവിലെ തിരുവനന്തപുരത്തുനിന്നും ഡൽഹിയിലെത്തുന്ന വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്‌ദയെ കണ്ട് ആശമാർ ഉന്നയിച്ച പ്രശ്‌നങ്ങൾ ധരിപ്പിക്കും.
ആശാ പ്രവർത്തരുടെ ഇൻസെന്റീവ് വർദ്ധനയെക്കുറിച്ച് വ്യക്തമാക്കാതെ സമയബന്ധിതമായി വർദ്ധന പരിഗണിക്കുമെന്നും മോദി സർക്കാരിന്റെ കാലത്ത് ഇൻസന്റീവ് നല്ലരീതിയിൽ വർദ്ധന വരുത്തിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്‌ദ നേരത്തെ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ചർച്ചയിൽ പറഞ്ഞിരുന്നു. ആയുഷ്‌മാൻ ഭാരത്, ജീവൻ ജ്യോതി എന്നീ പദ്ധതികളുമായി ആശാ വർക്കർമാരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആശാ വർക്കർമാരുടെ കുടുംബാംഗങ്ങൾക്കും പദ്ധതികളുടെ പ്രയോജനം കിട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
സെക്രട്ടറിയേറ്റിന് മുമ്പിൽ അനിശ്ചിതകാലമായി സമരം ചെയ്യുന്ന ആശാ വർക്കർമാർ ആരോഗ്യമന്ത്രി വീണ ജോർജുമായി ഇന്ന് വൈകിട്ട് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഓണറേറിയം ഉൾപ്പടെയുള്ള കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്ന് ആശ വർക്കർമാർ അറിയിച്ചു. ഇതോടെ നിരാഹാര സമരവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടക്കുമെന്നുതന്നെയാണ് ആശമാർ വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |