ടെൽഅവീവ്: വെടിനിറുത്തൽ കരാർ ലംഘിച്ച് ഗാസയിൽ നടത്തിയ വ്യോമാക്രമണങ്ങൾക്കു പിന്നാലെ ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് തുടക്കം മാത്രമാണ്. ഹമാസിനെ നശിപ്പിക്കുന്നതുവരെയും തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്ന വരെയും ആക്രമണവുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ എല്ലാ വെടിനിറുത്തൽ ചർച്ചകളും നടക്കും. ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മർദ്ദം അനിവാര്യമാണെന്ന് മുൻകാലസംഭവങ്ങൾ തെളിയിച്ചതാണെന്നും നെതന്യാഹു പറഞ്ഞു.
42 ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 404 പേരാണ് കൊല്ലപ്പെട്ടത്. 562 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും കുട്ടികളാണ്. മൂന്നുഘട്ടമായി നടപ്പാക്കാൻ ധാരണയായ വെടിനിർത്തലിന്റെ ലംഘനമാണ് ആക്രമണമെന്നാണ് ഹമാസിന്റെ ആരോപണം. യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ശ്രമങ്ങളെ ഇസ്രയേൽ അപകടത്തിലാക്കുന്നുവെന്ന് ഹമാസ് ആരോപിച്ചു.
വെടിനിറുത്തൽ ആരംഭിച്ചതിനുശേഷം ഇസ്രയേൽ നടത്തിയ ഏറ്റവും ശക്തമായ ആക്രമണത്തിൽ 400ലധികം പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്
ഇതുവരെയുള്ള കണക്ക് പ്രകാരം 413 പേർ കൊല്ലപ്പെട്ടു
പലരും കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നു
ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ആവർത്തിച്ച് വിസമ്മതിച്ചതിനെത്തുടർന്നാണ് ഓപ്പറേഷന് ഉത്തരവിട്ടതെന്ന് നെതന്യാഹുവിന്റെ ഓഫീസ് നേരത്തെ പറഞ്ഞിരുന്നു
ഇസ്രയേലിൽ വൻ പ്രതിഷേധം
ആക്രമണം പുനരാരംഭിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ വൻ ജനകീയ പ്രതിഷേധം. ജെറുസലേമിൽ സ്ഥിതി ചെയ്യുന്ന ഇസ്രയേലി പാർലമെന്റായ ക്നെസറ്റിന് പുറത്ത് പതിനായിരക്കണക്കിന് ജനങ്ങൾ തടിച്ചുകൂടി. 'ഇസ്രയേലിന്റെ ഭാവിക്കുവേണ്ടിയോ നിങ്ങളുടെ സഖ്യസർക്കാരിന്റെ ഭാവിക്കുവേണ്ടിയോ' എന്നുൾപ്പെടെയുള്ള ബാനറുകളുമേന്തിയാണ് പ്രതിഷേധം.
ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാസേനയായ ഷിൻ ബെത്തിന്റെ മേധാവി റോണർ ബാറിനെ പുറത്താക്കാനുള്ള തീരുമാനവും ജനരോഷത്തിന് കാരണമായി.നെതന്യാഹുവിന്റെ സ്വകാര്യവസതിയിലേക്കും പ്രതിഷേധക്കാർ മാർച്ച് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |