ന്യൂഡൽഹി: ആരോഗ്യമേഖലയിൽ ആശാവർക്കർമാർ നൽകുന്ന സംഭാവനകൾ പരിഗണിച്ച് ഇൻസെന്റീവ് വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ ആവർത്തിച്ച് വ്യക്തമാക്കി. മന്ത്രാലയവുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയ്‌ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. എത്ര വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്ത് ആശാവർക്കർമാരുടെ ഇൻസെന്റീവ് വലിയ തോതിൽ വർദ്ധിപ്പിച്ചു. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, ആയുഷ‌്‌മാൻ ഭാരത്, ജീവൻ ജ്യോതി യോജന പദ്ധതികളിൽ അവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബങ്ങൾക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നു.
ആശാവർക്കർമാരെ തൊഴിലാളികളായി പരിഗണിക്കണമെന്നും ഓണറേറിയം വർദ്ധിപ്പിക്കണമെന്നും ചർച്ചയിൽ സി.പി.എം അംഗം വി. ശിവദാസൻ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ മേഖലയിൽ നേടിയ പുരോഗതിയുടെ പേരിൽ കേരളത്തെ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലയാളത്തിലുളള ബോർഡ് പോലും വേണ്ടെന്ന് പറയുന്നു. അതിന്റെ പേരിൽ 637 കോടി രൂപയാണ് തടഞ്ഞു വെച്ചിരിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന കൊടും ക്രൂരതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |