മുംബയ് : കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലെ കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഈ സീസണിലെ ആദ്യ മത്സരത്തിൽ വിലക്ക്. ഇതോടെ 23ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ സൂര്യകുമാർ യാദവാകും മുംബയ് ഇന്ത്യൻസിനെ നയിക്കുക. കഴിഞ്ഞ സീസണിലെ അവസാനമത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ രണ്ടര മിനിട്ട് വൈകിയാണ് മുംബയ് ബൗളിംഗ് പൂർത്തിയാക്കിയത്. സീസണിലെ മുംബയ്‌യുടെ മൂന്നാമത്തെ പിഴവായിരുന്നു ഇത്. ഇതോടെയാണ് ക്യാപ്ടൻ പാണ്ഡ്യയ്ക്ക് ഒരു മത്സരവിലക്കും 30 ലക്ഷം രൂപ പിഴയും വിധിച്ചത്. ഈ മാസം 29ന് അഹമ്മദാബാദിൽ ഗുജറാത്ത് ജയന്റ്സിന് എതിരെ നടക്കുന്ന മത്സരത്തിൽ പാണ്ഡ്യയ്ക്ക് കളിക്കാനാകും.
കഴിഞ്ഞ സീസണിൽ രോഹിതിനെ മാറ്റി പാണ്ഡ്യയുടെ ക്യാപ്ടൻസിയിലിറങ്ങിയ മുംബയ്‌ക്ക് 14ൽ നാലുമത്സരങ്ങൾ മാത്രമാണ് ജയിക്കാനായിരുന്നത്. പോയിന്റ് പട്ടികയിലെ അവസാനക്കാരും മുംബയ് ഇന്ത്യൻസായിരുന്നു.
ബുംറയുമില്ല
പരിക്കിൽ നിന്ന് മോചിതനാകാത്ത ജസ്പ്രീത് ബുംറയും മുംബയ് ഇന്ത്യൻസിന് വേണ്ടി ആദ്യ മത്സരത്തിൽ കളിക്കാനുണ്ടാവില്ല. ഈ വർഷം ആദ്യം നടന്ന ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ബുംറ ചാമ്പ്യൻസ് ട്രോഫിയിലും കളിച്ചിരുന്നില്ല. ഈ സീസൺ ഐ.പി.എല്ലിൽ എപ്പോൾ മുതൽ ബുംറയ്ക്ക് കളിക്കാൻ കഴിയും എന്ന് ഉറപ്പായിട്ടി ല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |