തിരുവനന്തപുരം:കായിക മേഖലയിൽ സ്വകാര്യനിക്ഷേത്തിന് പ്രോത്സാഹനം കൊടുക്കുന്നതിന് അവസരമൊരുക്കുന്ന നിയമഭേദഗതി കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചു.
സ്റ്റേഡിയങ്ങളുടെ നിർമ്മാണം, പരിപാലനം തുടങ്ങിയവയ്ക്ക് സ്വകാര്യനിക്ഷേപം അനുവദിക്കാൻ വഴിയൊരുക്കുന്നതാണ് ഭേദഗതി.സ്‌പോർട്സ് എക്കണോമിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഭേദഗതിയിൽ ടർഫ് സ്റ്റേഡിയം,വെൽനെസ് സെന്ററുകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനും സ്‌പോർട്സ് നിക്ഷേപ സംഗമം ,സ്റ്റാർട്ടപ്പ് സ്‌പോർട്സ് സെന്റർ, സ്പോർട്സ് ഇന്നൊവേഷൻ സെന്ററുകൾ തുടങ്ങിയവ നടപ്പാക്കാനും ലക്ഷ്യമിടുന്നു. സ്‌പോർട്സ് കൗൺസിൽ അദ്ധ്യക്ഷനും കായിക ഡയറക്ടറും ഒരാളായിരിക്കാനും ബിൽ ലക്ഷ്യമിടുന്നു.കൂടാതെ സ്‌പോർട്സ് കൗൺസിലിലെ ഓരോ അംഗങ്ങൾക്കും പ്രത്യേക കായികമേഖലയിൽ പരിപൂർണ്ണചുമതലയും നൽകും.അതോടൊപ്പം ഓരോ പഞ്ചായത്തിലും അനുയോജ്യമായ കായിക ഇനങ്ങൾ തിരഞ്ഞെടുത്ത് പ്രോത്സാഹിപ്പിക്കാനും കായികസ്ഥാനങ്ങളുടെ ഭരണത്തിൽ ഏകോപനം കൊണ്ടുവരാനും സ്പോർട്സ് കൗൺസിലുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും ജില്ലാ താലൂക്ക് തലങ്ങളിൽ സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കാനും ഭേദഗതി ലക്ഷ്യമിടുന്നു. കൂടുതൽ മെഡലുകൾ നേടാനാകുന്ന കായിക ഇനങ്ങൾക്ക് മുൻഗണാക്രമം നിശ്ചയിക്കും. പൊലീസ്, കർഷകർ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് കായിക മത്സരങ്ങൾ സംഘടിപ്പിക്കും. നിയമസഭയിൽ അവതരിപ്പിച്ച ബിൽ സബ്ക്ട് കമ്മിറ്റിക്ക് വിട്ടു.
കായിക മേഖലയിൽ അഴിമതി പൂർണമായി ഒഴിവാക്കുന്നതിനും സ്‌പോർട്സ് വികസനത്തിന് നൽകുന്ന പണം ഓരോ ഫെഡറേഷന്റെയും അസോസിയേഷന്റെയും ധൂർത്തിനും അഴിമതിയും ഇടയാക്കുന്ന നിലവിലെ സമീപനം അവസാനിപ്പിക്കുന്നതിനും നിയമഭേദഗതി വഴിയൊരുക്കുമെന്ന് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു. കളരി,കരാട്ടെ തുടങ്ങിയ അഞ്ചു കായികയിനങ്ങൾക്ക് ജില്ലകളിൽ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |