കൊച്ചി: കളമശേരി ഗവ. പോളി ടെക്‌നിക്ക് കോളേജ് ഹോസ്റ്റലിൽ ലഹരി ഇടപാട് നടത്തിയ പൂർവ വിദ്യാർത്ഥികൾക്ക് ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച രണ്ട് പശ്ചിമബംഗാൾ സ്വദേശികൾ അറസ്റ്റിൽ. ഇവരുടെ സംഘത്തലവനായി അന്വേഷണം ഊജ്ജിതമാക്കി. ആലുവയിൽ കെട്ടിടനിർമ്മാണ ജോലിക്കാരും ജയ്പൂർ സ്വദേശികളുമായ സൊഹൈൽ ഷേഖ് (25),യെഹീന്ത മണ്ഡൽ (26) എന്നിവരാണ് അറസ്റ്റിലായത്.
ഹോസ്റ്റലിലെ റെയ്ഡിന് പിന്നാലെ ഒളിവിൽപ്പോയ പ്രതികളെ ചൊവ്വാഴ്ച രാത്രി മൂവാറ്റുപുഴയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.
കേസിൽ അറസ്റ്റിലായ പൂർവ വിദ്യാർത്ഥിയും കെ.എസ്.യു നേതാവുമായ ശാലിഖിന്റെ വീടിന് സമീപമാണ് ആലുവയിൽ ഇരുവരും താമസിച്ചിരുന്നത്. ഈ പരിചയത്തിലാണ് നാല് കിലോ കഞ്ചാവ് ശാലിഖിന് കൈമാറിയത്. ശാലിഖും ആഷിഖും ഇത് മൂന്നാം വർഷ വിദ്യാർത്ഥി അനുരാജിന് 16000 രൂപയ്‌ക്ക് വിറ്റു.
എസ്.എച്ച്.ഒ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സെബാസ്റ്റ്യൻ പി. ചാക്കോ,രഞ്ജിത്ത്,സി.പി.ഒമാരായ മാഹിൻ അബൂബക്കർ,ഷിബു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാഡ് ചെയ്തു.
വൻസംഘം
മാവോയിസ്റ്റ് മേഖലയിൽ നിന്ന് തുച്ഛമായ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ട്രെയിനിൽ കേരളത്തിൽ എത്തിക്കാൻ പ്രത്യേകം ആളുകളുണ്ട്. ആലുവയിൽ എത്തുന്ന ഇവരെ സംഘത്തലവന്റെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരും. കഞ്ചാവ് കൈമാറ്റവും പണമിടപാടും ഇവിടെ വച്ചാണ്. കിലോയ്‌ക്ക് 80,00രൂപ നിരക്കിലാണ് കച്ചവടം. ഇത് കിലോ 15,000 രൂപ നിരക്കിലാണ് മറിച്ചുവിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |