SignIn
Kerala Kaumudi Online
Sunday, 20 April 2025 8.02 PM IST

കുറ്റകൃത്യങ്ങളിൽ വൻ വർദ്ധന, ചോരചീന്തും ' ലഹരി '

Increase Font Size Decrease Font Size Print Page
crime

  • സ്ത്രീകൾക്കെതിരായ അതിക്രമവും കൂടുന്നു

കോഴിക്കോട്: കൊലപാതകം ഉൾപ്പെടെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പെരുകുന്നതിന് പിന്നിൽ ലഹരിയുടെ വർദ്ധിച്ച ഉപയോഗം. എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ കൗമാരക്കാരുടെയും യുവാക്കളുടെയും സമനില തെറ്റിക്കുന്നതായി എക്സെെസും പൊലീസും മനോരോഗ വിദഗ്ദ്ധരും. സ്ത്രീകൾക്കുനേരെയുള്ള അതിക്രമവും ഏറുകയാണ്. 2016ൽ 15,114 കേസുകളായിരുന്നെങ്കിൽ 2024ൽ 18,887ലേക്ക് ഉയർന്നതായാണ് പൊലീസ് കണക്കുകൾ. കഴിഞ്ഞ ദിവസം പുതുപ്പാടി ഈങ്ങാപ്പുഴയിൽ കൊല്ലപ്പെട്ട ഷിബിലയാണ് ലഹരിയുടെ അവസാനത്തെ ഇര. ലഹരിക്കടിമയായ ഭർത്താവ് യാസിറിന്റെ ഉപദ്രവം സഹിക്കാനാകാതെ ഒരു മാസം മുമ്പ് ഷിബില സ്വന്തം വീട്ടിലെത്തി പൊലീസിൽ പരാതി നൽകിയെങ്കിലും ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപമുണ്ട്. ലഹരി ഉപയോഗം തലച്ചോർ ഉൾപ്പെടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. എം.ഡി.എം.എയാണെങ്കിൽ മണിക്കൂറുകളോളം ലഹരി നിലനിൽക്കും. ഉപയോഗിക്കുന്നയാളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതോടെ എന്തു ക്രൂരകൃത്യവും ചെയ്യാൻ മടിയില്ലാതാകുന്നു. ഷിബിലയെ കൊന്ന യാസറിന് ലഹരിയിൽ സ്വന്തം മാതാവിനെ കൊന്ന ആഷിക്കുമായി സൗഹൃദമുണ്ടെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ മാസം 18നാണ് ആഷിക്ക് അമ്മയെ കൊന്നത്. രോഗബാധിതയായി കഴിയുകയായിരുന്ന താമരശ്ശേരി കായിക്കൽ സുബെെദയാണ് മകൻ ആഷിക്കിന്റെ വെട്ടേറ്റ് മരിച്ചത്. ആഷിക്കും യാസിറുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകങ്ങളുടെ എണ്ണത്തിനൊപ്പം അതിന്റെ ക്രൂരതയുടെ അളവും കൂടുകയാണെന്ന് മനോരോഗ വിദഗ്ദ്ധർ പറയുന്നു.

വ്യക്തിത്വപ്രശ്നമുള്ളവരാണ് ലഹരിക്ക് അടിമപ്പെടുന്നത്. ലഹരി, കോപം കൂടുതലുള്ളവരെ അക്രമത്തിലേക്ക് നയിക്കും. കുറ്റപ്പെടുത്തുന്നതായുള്ള തോന്നൽ, സംശയം എന്നിവയും അക്രമകാരിയാക്കും.

- ഡോ. സി.ശിശിര

ക്ളിനിക്കൽ സെെക്കോളജിസ്റ്റ്

സ്ത്രീകൾക്കെതിരായ

അതിക്രമം

(ജനുവരി വരെ)

2016.....15114

2017.....14263

2018.....13643

2019.....14293

2020.....12659

2021.....16199

2022.....18943

2023.....18980

2024.....18887

2025.....1840

പിടിച്ചുകെട്ടാനാവാതെ

കോഴിക്കോട് : പൊലീസും എക്സെെസും പിടിമുറുക്കിയിട്ടും ജില്ലയിൽ ലഹരിക്കടത്തും ഉപയോഗം വ്യാപകം. ഡാൻസാഫിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ഡി - ഹണ്ടും എക്സെെസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രെെവും ഉണ്ടായിട്ടും ലഹരിയുടെ ഒഴുക്ക് തുടരുകയാണ്. കോഴിക്കോട് സിറ്റി പരിധിയിൽ ഈ വർഷം മാർച്ച് രണ്ടാംവാരം വരെ 1.98 കിലോ എം.ഡി.എം.എയാണ് എത്തിയത്.

2025 ആരംഭിച്ച് രണ്ടുമാസത്തിനിടെ കോഴിക്കോട് ജില്ലയിൽ മാത്രം 1360 പരിശോധനകളാണ് എക്‌സൈസ് നടത്തിയത്. 81 കേസുകൾ രജിസ്റ്റർ ചെയ്തു. 86 പേരെ അറസ്റ്റ് ചെയ്തു. എന്നിട്ടും ഓരോ ദിവസും പുതിയ പുതിയ ലഹരി കണ്ണികൾ പുറത്തുവരികയാണ്.

ജില്ലയിൽ ലഹരി കുറ്റകൃത്യങ്ങൾ കൂടുതൽ നടക്കുന്നത് താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 122 ലഹരി കേസുകളാണ് ഉണ്ടായിരിക്കുന്നത്. താമരശ്ശേരി പൊലീസ് മാത്രം ഒരുവർഷം രജിസ്റ്റർ ചെയ്തത് 74 കേസുകൾ. ഇതിൽ 20 കേസുകൾ എം.ഡി.എം.എ പിടികൂടിയവയാണ്. 48 കേസുകൾ എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗളൂരു വഴിയാണ് പ്രധാനമായും ഇവിടേക്ക് ലഹരിമരുന്ന് എത്തുന്നത് എന്നാണ് വിവരം.

പരിശോധന ശക്തം

ജില്ലയിലെ മലയോര മേഖലയിൽ പൊലീസ് ,എക്സെെസ് നേതൃത്വത്തിൽ ലഹരിമരുന്ന് പിടികൂടാനായി കർശന പരിശോധന തുടരുകയാണ്. നാദാപുരം, കുറ്റ്യാടി, വളയം, തൊട്ടിൽപാലം, പുതുപ്പാടി, താമരശ്ശേരി, കട്ടിപ്പാറ, പാറക്കടവ്, കല്ലാച്ചി തുടങ്ങിയ മേഖലകളിൽ ഇന്നലെ പരിശോധന നടന്നു.

പ്രധാനമായും രാത്രി കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. രഹസ്യവിവരത്തെത്തുടർന്ന് പുതുപ്പാടി മണൽവയലിൽ നടത്തിയ പരിശോധനയിൽ 636 ഗ്രാം എം.ഡി.എം.എയുമായി പുരം കുന്നുമ്മൽ വീട്ടിൽ റമീസ് (24), 84 ഗ്രാം കഞ്ചാവുമായി ചേലോട് വടക്കേപ്പറമ്പിൽ ആഷിഫ് (24) എന്നിവർ പൊലീസ് പിടികൂടി. പൂനൂരിൽ സ്ത്രീകളുൾപ്പെട്ട ലഹരി സംഘം 1.55 ഗ്രാം എം.ഡി.എം.എ യുമായി പൊലീസിന്റെ പിടിയിലായി.

ലഹരിയെ തടയാം

ലഹരി വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് എക്സെെസ് വകുപ്പുമായി ഫോൺകോൾ വഴിയോ, വാട്സ് ആപ്പ് വഴിയോ ബന്ധപ്പെടാം.

കൺട്രോൾ റൂം : 0495 - 2327927

അസി. എക്സെെസ് കമ്മിഷണർ : 9496002871.

ഷിബിലയുടെ അരുംകൊല: നടുക്കം മാറാതെ നാട്

തിരുവമ്പാടി: ഭർത്താവ് യാസിറിന്റെ കൊലക്കത്തിയിൽ ഷിബിലയുടെ ജീവൻ പൊലിഞ്ഞതിന്റെ നടുക്കം മാറാതെ നാട്. കുഞ്ഞിനെ ഓർത്തെങ്കിലും ഷിബിലയെ വെറുതെ വിടാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കഥയൊന്നുമറിയാതെ തേങ്ങുകയാണ് ഷിബിലയുടെ മൂന്നു വയസുകാരി മകൾ. തന്റെയും കുഞ്ഞിന്റെയും വസ്ത്രങ്ങൾ കത്തിക്കുന്ന വീഡിയോ യാസിറിന്റെ വാട്സ് ആപ്പ് സ്റ്റാറ്റസിൽ കണ്ട ഷിബില ഭയന്നിരുന്നു. തന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഉൾപ്പെടെ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടായി.

അടിവാരത്ത് വാടകവീട്ടിലുള്ള സ്കൂൾ സർട്ടിഫിക്കറ്റടക്കമുള്ള രേഖകൾ യാസറിൽ നിന്ന് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് ഷിബിലയുടെ വീട്ടുകാർ പഞ്ചായത്തംഗത്തിനെ സമീപിച്ചിരുന്നു. മദ്ധ്യസ്ഥ ചർച്ചയിൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് യാസിർ സമ്മതിച്ചു. തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഷിബിലയുടെ വീട്ടിലെത്തി യാസർ സർട്ടിഫിക്കറ്റ് കൈമാറിയത്. പിന്നീടെത്തിയത് വെട്ടുകത്തിയുമായാണ്. തർക്കത്തിനിടെ ഷിബിലയെ ആഞ്ഞുവെട്ടി. തടയാൻ ശ്രമിച്ച മാതാപിതാക്കളെയും വെട്ടി.

യാസിറിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ 28ന് ഷിബില പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കാര്യമായൊന്നു ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. യാസിർ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറു​ണ്ടെന്നതുൾപ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം കാറിൽ രക്ഷപ്പെട്ട യാസിറിനെ രാത്രി 12 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.