കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമാകുന്ന ലഹരി വിപത്തിനെതിരെ 'അദ്ധ്യാപക കവചം' ഒരുക്കാൻ കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ഒരു ലക്ഷത്തോളം അംഗങ്ങളെ പ്രചാരണത്തിനിറക്കുന്നു. 'അരികിലുണ്ട് അദ്ധ്യാപകർ' എന്ന ഉറപ്പുമായാണ് ടീച്ചേഴ്സ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ബോധവത്കരണം. സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം തിരൂരിൽ മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.
ആദ്യഘട്ടമായി സംസ്ഥാനത്തെ 166 സബ്ജില്ലാ തലങ്ങളിൽ ബ്രോഷർ വിതരണം നടത്തി. ബസുകളിൽ കയറി യാത്രക്കാരോടും മറ്റും നേരിട്ടാണ് ലഹരി വിരുദ്ധ ബോധവത്കരണം ബസ് സ്റ്റാൻഡുകൾ, കവലകൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം അദ്ധ്യാപകരെന്ന് പരിചയപ്പെടുത്തിയാണ് പ്രചാരണം. രണ്ടാംഘട്ടത്തിന്റെ ആലോചനായോഗം ഈയാഴ്ച നടക്കും. അടുത്ത അദ്ധ്യയന വർഷം ലഹരിക്കെതിരെ വ്യാപക ബോധവത്കരണത്തിന് അദ്ധ്യാപകർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ യുവതലമുറയെ വലയിലാക്കുന്ന ലഹരിമാഫിയക്കെതിരെയാണ് പ്രവർത്തനം..
വിദ്യാർത്ഥികളെ വലയിലാക്കാൻ ലഹരി മാഫിയ നടത്തുന്ന ശ്രമത്തിനെതിരെ സർക്കാർ രൂപീകരിക്കുന്ന സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിനെ കൂടാതെ കെ.എസ്.ടി.എ സംഘടനാതലത്തിലും സംരക്ഷണ സമിതികളുണ്ടാക്കും. കുട്ടികൾക്ക് ആദ്യമൊക്കെ സൗജന്യമായി ലഹരി നുണയാൻ കൊടുക്കുന്നു. അടിമപ്പെട്ടുകഴിഞ്ഞാൽ പണം ആവശ്യപ്പെടും. വീട്ടിൽ നിന്ന് പണം കിട്ടാതാകുമ്പോൾ ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നു. വർദ്ധിക്കുന്ന കുറ്റകൃത്യങ്ങളുടെ പിന്നിൽ ലഹരി ഉപയോഗവുമുണ്ടെന്ന് എക്സെെസ്, പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ജനപ്രതിനിധികൾ,രക്ഷിതാക്കൾ,വിദ്യാർത്ഥികൾ,അദ്ധ്യാപകർ,വിരമിച്ച അദ്ധ്യാപകർ,
വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരാണ് സ്കൂൾ സംരക്ഷണ സമിതിയിൽ.
-ലഹരിക്കെതിരെ പ്രവർത്തിക്കാൻ തയ്യാറുള്ളവരെയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തും. ജീവിതമാകട്ടെ കുട്ടികളുടെയും ലഹരി.
- ടി.കെ.എ. ഷാഫി
ജനറൽ സെക്രട്ടറി,
കെ.എസ്.ടി.എ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |