നെടുമ്പാശേരി: നാലര കോടി രൂപ വിലവരുന്ന 15 കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഉത്തരേന്ത്യൻ യുവതികൾ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. മോഡലായ രാജസ്ഥാൻ ജയ്‌പൂർ സ്വദേശി മാൻവി ചൗധരി, മേക്കപ്പ് ആർട്ടിസ്റ്റ് ഡൽഹി സ്വദേശി ചിബറ്റ് സ്വാന്തി എന്നിവരാണ് അറസ്റ്റിലായത്.
ബാങ്കോക്കിൽ നിന്ന് തായ് എയർലൈൻസിൽ ചൊവ്വാഴ്ച രാത്രിയിലാണ് ഇവർ എത്തിയത്. ഇരുവരും ഏഴര കിലോ വീതം കഞ്ചാവ് കൈവശം വച്ചിരുന്നു. ഇവർ കഞ്ചാവുമായി എത്തുമെന്ന രഹസ്യവിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. സ്ക്രീനിംഗിൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വിദഗ്ദ്ധമായി പായ്‌ക്കു ചെയ്ത് മേക്കപ്പ് സാധനങ്ങൾക്കൊപ്പമാണ് ഒളിപ്പിച്ചിരുന്നത്. നെടുമ്പാശേരിയിൽ വിമാനമിറങ്ങുമ്പോൾ ഒരാൾ വന്ന് കൈപ്പറ്റുമെന്ന് കൊടുത്തു വിട്ടവർ ഇവരെ അറിയിച്ചിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ഇരുവരെയും അങ്കമാലി കോടതിയിൽ ഹാജരാക്കും. കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും കഞ്ചാവ് കടത്തിനെക്കുറിച്ച് അന്വേഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |