വാഷിംഗ്ടൺ: 1963 ജൂൺ 16... കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് സോവിയറ്റ് യൂണിയന്റെ വോസ്‌റ്റോക് 6 ബഹിരാകാശം ലക്ഷ്യമാക്കി കുതിച്ചുയർന്നു. ചരിത്രത്തിലാദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് പറക്കുകയാണ്. അതും ഒറ്റയ്ക്ക്. ആകാശത്തെയും നക്ഷത്രങ്ങളെയും സ്വപ്നം കണ്ട് വളർന്ന വാലന്റീന തെരഷ്കോവ എന്ന 26 കാരിയായിരുന്നു അത്. ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റെക്കാഡ് ഇന്നും വാലന്റീനയുടെ കിരീടത്തിലാണ്. ഭൂമിയെ 48 തവണ വലംവച്ച തെരഷ്കോവ 3 ദിവസത്തോളം ബഹിരാകാശത്ത് ചെലവഴിച്ചു.
2024 നവംബർ വരെ 100 വനിതകളാണ് ബഹിരാകാശയാത്ര പൂർത്തിയാക്കിയത്. 2025 മാർച്ച് വരെ 47 രാജ്യങ്ങളിൽ നിന്നായി ആകെ 682 പേരാണ് ബഹിരാകാശത്തെത്തിയത് (വേൾഡ് എയർ സ്പോർട്സ് ഫെഡറഷന്റെ ബഹിരാകാശ അതിർത്തി നിർവചനം അനുസരിച്ച് ). ഏറ്റവും കൂടുതൽ സ്ത്രീകളെ ബഹിരാകാശത്തെത്തിച്ചത് യു.എസ് ആണ്. സാലി റൈഡ് ആണ് ബഹിരാകാശത്ത് എത്തിയ ആദ്യ അമേരിക്കൻ വനിത.
യു.എസ് സ്പേസ് ഏജൻസിയായ നാസയ്ക്ക് നിലവിലുള്ളതിൽ ഏറ്റവും കരുത്തുറ്റ വനിതാ സഞ്ചാരികളിൽ ഒരാളാണ് സുനിത വില്യംസ്. സുനിത കൈവരിച്ച അവിസ്മരണീയ നേട്ടങ്ങൾ എക്കാലവും ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത താളായി നിലനിൽക്കുമെന്നതിൽ സംശയമില്ല. വർഷങ്ങൾ നീണ്ട കഠിനാദ്ധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പേരാണ് സുനിത വില്യംസ്.
കൊതിച്ചത് വെറ്ററിനറി ഡോക്‌ടറാകാൻ
ആകാശവും നക്ഷത്രങ്ങളെയും കീഴടക്കണമെന്നത് കുട്ടിക്കാലത്ത് സുനിത സ്വപ്നം കണ്ടിരുന്നില്ല. കുട്ടിയായിരിക്കെ ശാസ്ത്രത്തിൽ കമ്പമുണ്ടായിരുന്നു. എന്നാലും വെറ്ററിനറി ഡോക്ടർ ആകണമെന്നായിരുന്നു സ്വപ്നം. യു.എസ് നേവൽ അക്കാഡമിയിലെ വിദ്യാർത്ഥിയായിരുന്ന സഹോദരൻ ജയ്‌യെ ഒരിക്കൽ അവിടെയെത്തി കണ്ടത് ടേണിംഗ് പോയിന്റായി.
ഹോളിവുഡ് ആക്ഷൻ ഹീറോ ടോം ക്രൂസിന്റെ 'ടോപ് ഗൺ" അന്ന് അമേരിക്കൻ യുവാക്കൾക്കിടയിൽ ഹരമായി നിന്ന കാലം. അങ്ങനെ നേവൽ ഏവിയേഷൻ ട്രെയിനിംഗ് കമാൻഡിലെ പരിശീലനത്തിന് സുനിത ചേർന്നു. പക്ഷേ ടോം ക്രൂസിന്റെ കഥാപാത്രത്തെ പോലെ യുദ്ധ വിമാനം പറത്താനായില്ല.
പകരം, 1989ൽ യു.എസ് നേവിയിൽ നേവൽ ഏവിയേറ്ററായി ജോലിയിൽ പ്രവേശിച്ച സുനിത ഹെലികോപ്‌റ്റർ പൈലറ്റായി. വിർജീനിയയിലെ നോർഫോക്കിൽ ഹെലികോപ്‌റ്റർ കോംപാക്ട് സപ്പോർട്ട് സ്ക്വാഡ്രൺ 8ന്റെ ഭാഗമായി. മെഡിറ്ററേനിയൻ, ചെങ്കടൽ, പേർഷ്യൻ ഗൾഫ് മേഖലകളിൽ വിന്യസിക്കപ്പെട്ടു. സൈനികരെ കൊണ്ടുപോകാനും മാനുഷിക സഹായങ്ങൾ വിതരണം ചെയ്യാനുമുള്ള ദൗത്യങ്ങളുടെ ഭാഗമായി. ഏത് കഠിന സാഹചര്യത്തെ നേരിടാനുള്ള വൈദഗ്ദ്ധ്യവും നേതൃപരമായ കഴിവും സുനിതയെ വേറിട്ടതാക്കി.
ഡിസ്കവറിയിലൂടെ തുടക്കം
1998ലാണ് സുനിത നാസയിൽ ചേർന്നത്. ആദ്യ ബഹിരാകാശ യാത്ര 2006ൽ. ഡിസ്കവറി സ്പേസ് ഷട്ടിലിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നു യാത്ര. അന്ന് 195 ദിവസം ബഹിരാകാശത്ത് ചെലവിട്ടു. 2007ൽ ബഹിരാകാശത്ത് മാരത്തൺ ഓട്ടം നടത്തിയ ആദ്യ വ്യക്തിയെന്ന റെക്കാഡ് നേടി.
നിലയത്തിൽ ഒരു ട്രേഡ് മില്ലിലായിരുന്നു സുനിതയുടെ മാരത്തൺ. 4 മണിക്കൂർ 24 മിനിറ്റ് അവർ ബോസ്റ്റൺ മാരത്തണിന്റെ ഭാഗമായി. 2012 ജൂലായിലായിരുന്നു സുനിതയുടെ രണ്ടാം ദൗത്യം. 127 ദിവസം നീണ്ടു. അന്ന് നിലയത്തെ നയിച്ച് ആ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വനിതയായി.
നിലയത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ച സുനിത ബഹിരാകാശത്ത് ട്രയാത്‌ലൺ നടത്തിയ ആദ്യ സഞ്ചാരിയെന്ന റെക്കാഡും നേടി. 2024 ജൂണിൽ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ മൂന്നാം ദൗത്യം. എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട് ഒടുവിൽ 9 മാസം അവിടെ തങ്ങേണ്ടിവന്നു. ഇക്കാലയളവിൽ 900 മണിക്കൂർ സുനിതയും സഹസഞ്ചാരി ബുച്ച് വിൽമോറും ഗവേഷണത്തിനായി വിനിയോഗിച്ചു.
ഇന്ത്യ കാത്തിരിക്കുന്നു
സുനിതയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. സുനിതയെ ക്ഷണിച്ചുകൊണ്ടുള്ള മോദിയുടെ കത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എക്സിൽ കഴിഞ്ഞ ദിവസമാണ് പങ്കുവച്ചത്. നാസ ബഹിരാകാശയാത്രികൻ മൈക്ക് മാസിമിനോ വഴിയാണ് കത്ത് അയച്ചത്.
സുനിത രാജ്യം സന്ദർശിക്കണമെന്നും അവരെ ആദരിക്കണമെന്നും ഏതൊരു ഇന്ത്യക്കാരനും ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്. സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യ ഗുജറാത്തിൽ നിന്ന് യു.എസിലേക്ക് കുടിയേറിയതാണ്. യു.എസിലെ അറിയപ്പെടുന്ന ന്യൂറോഅനാട്ടമിസ്റ്റ് ആയിരുന്നു അദ്ദേഹം. സുനിതയുടെ അമ്മ ബോണി സ്ലോവേനിയക്കാരിയാണ്.
ജീവിതത്തിലുടനീളം അച്ഛന്റെയും അമ്മയുടെയും പാരമ്പര്യത്തെയും സംസ്കാരത്തെയും ഒരുപോലെ ഉയർത്തിപ്പിടിക്കാൻ സുനിത ശ്രദ്ധിച്ചിരുന്നു. അച്ഛനൊപ്പം പല തവണ ഇന്ത്യയിലെത്തിയിട്ടുണ്ട്. ബഹിരാകാശത്ത് പോയി വന്നശേഷം ഇന്ത്യയിലെത്തി സ്വീകരണം ഏറ്റുവാങ്ങിയ അവർ വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു.
ലളിതവും എളിമയോടും കൂടിയ സുനിതയുടെ ഇടപെടലും പ്രശസ്തമാണ്. മുമ്പ് ഭഗവത് ഗീതയുടെ ചെറുപതിപ്പും ചെറു ഗണേശ വിഗ്രഹവും ബഹിരാകാശ യാത്രയിൽ സുനിത ഒപ്പംകൂട്ടിയിട്ടുണ്ട്. കല്പന ചൗളയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത. മനകരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായ സുനിത ഓരോ ഇന്ത്യക്കാരിലും അഭിമാനവും ആവേശവും നിറയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |