വാഷിംഗ്ടൺ: സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് വൻ വിജയമായതോടെ ആഗോള തലത്തിൽ വീണ്ടും ഹിറ്റായി ശതകോടീശ്വരൻ ഇലോൺ മസ്‌കും അദ്ദേഹത്തിന്റെ സ്പേസ് എക്സ് കമ്പനിയും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നിലവിൽ സഞ്ചാരികളെ എത്തിക്കാനുള്ള കരാർ സ്‌പേസ് എക്സിന് നാസയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ക്രൂ ഡ്രാഗൺ പേടകത്തിൽ സഞ്ചാരികളെ നിശ്ചിത ഇടവേളകളിൽ എത്തിക്കുന്നു. സുനിതയെ തിരിച്ചെത്തിച്ച ക്രൂ ഡ്രാഗൺ - ഫ്രീഡം പേടകം നാസയുടെ ക്രൂ - 9 മിഷന്റെ ഭാഗമായി സെപ്തംബറിലാണ് നിലയത്തിൽ എത്തിയത്. സുനിതയ്ക്കും വിൽമോറിനുമൊപ്പം മടങ്ങിയെത്തിയ നിക്ക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ് എന്നിവർ ഈ പേടകത്തിലാണ് നിലയത്തിൽ എത്തിയത്.
സ്‌പേസ് എക്‌സ് ക്രൂ- 10 മിഷൻ സഞ്ചാരികൾ ഞായറാഴ്ച നിലയത്തിൽ എത്തിയതോടെ സുനിതയും സംഘവും ഭൂമിയിലേക്ക് മടങ്ങുകയായിരുന്നു. സുനിതയേയും വിൽമോറിനെയും കഴിയുന്നത്ര വേഗത്തിൽ തിരിച്ചെത്തിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. വിജയങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പദ്ധതികളിൽ സ്പേസ് എക്‌സിനെ നാസ പങ്കാളിയാക്കുമെന്ന് ഉറപ്പായി.
ബൈഡനെ കുത്തി മസ്‌ക്
ജോ ബൈഡൻ പ്രസിഡന്റായിരിക്കെ, സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കാൻ തയ്യാറാണെന്ന് താൻ അറിയിച്ചെന്നും എന്നാൽ അദ്ദേഹം അത് നിരസിച്ചെന്നും മസ്ക് അവകാശപ്പെടുന്നു. രാഷ്ട്രീയ കാരണങ്ങൾ മൂലമാണത്രെ ബൈഡൻ അങ്ങനെ ചെയ്തത്.
എന്നാൽ മസ്‌കിന്റെ പ്രതികരണത്തെ നാസ എതിർത്തിരുന്നു. സുനിതയേയും വിൽമോറിനെയും ആരും 'ഉപേക്ഷിച്ചിട്ടില്ലെന്നും" സുരക്ഷിതമായ തിരിച്ചുവരവിലാണ് ശ്രദ്ധിക്കേണ്ടതെന്നും നാസ പ്രതികരിച്ചിരുന്നു. തങ്ങളുടെ സമീപനം പ്രത്യേക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണെന്നും നാസ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |