ന്യൂഡൽഹി : ഉയർന്ന പ്രതിശീർഷ വരുമാനമുണ്ടെന്ന് മേനി നടിക്കുന്ന ചില സംസ്ഥാനങ്ങൾ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരുടെ (ബി.പി.എൽ) ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുണ്ടോയെന്ന് സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗവും ദാരിദ്ര്യ രേഖയിലാണെന്ന് അവകാശവാദമുന്നയിച്ചാണിത്. ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അർഹതയില്ലാത്തവരുടെ കൈയിലേക്ക് എത്തുന്നുവെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു.
അന്യസംസ്ഥാന, അസംഘടിത തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കൊവിഡ് സമയത്ത് സമർപ്പിച്ച ഹർജിയിലായിരുന്നു വാദംകേൾക്കൽ. റേഷൻ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന സംശയം കോടതി ഉന്നയിച്ചു. റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ പറയുന്നു. പക്ഷെ അർഹതയുള്ളവർക്ക് റേഷൻ സാധനങ്ങൾ ലഭിക്കുന്നുണ്ടോ ? അർഹതപ്പെട്ടവരുടെ കൈകളിലാണ് എത്തുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |