ഗാന്ധിനഗർ: ഇന്ത്യൻ വ്യവസായ രംഗത്ത് വീണ്ടും ഒരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. വിവിധ തരത്തിലുളള പദ്ധതികളാണ് ടാറ്റ ഗ്രൂപ്പ് ചെയർമാൻ നോയൽ ടാറ്റയുടെ കീഴിൽ ഉയർന്നുവരുന്നത്. ഇപ്പോഴിതാ 91,000 കോടിയുടെ വമ്പൻ പദ്ധതികളാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റിയായി ഗുജറാത്തിലെ ധോലേര ഒരുങ്ങാൻ പോകുകയാണ്. വികസനത്തിന്റെ ഭാഗമായി ധോലേരയിൽ നിർമ്മിച്ചുക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ജൂലായ് മുതൽ ആരംഭിക്കും.
ഇതിനോടൊപ്പം അഹമ്മദാബാദിൽ നിന്ന് ധോലേരയിലേക്കുളള ആറ് വരി പാതയും ഒരുങ്ങുന്നുണ്ട്. ഇത് ഗുജറാത്തിലെ രണ്ട് നഗരങ്ങളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്നതിൽ ടാറ്റ ഗ്രൂപ്പിന്റെ പങ്ക് എന്താണെന്ന് നോക്കാം. ധോലേരയിൽ ഒരു മെഗാ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റി (ഫാബ്) നിർമിക്കുന്നതിനുളള ടാറ്റ ഇലക്ട്രോണിക്സിന്റെ നിർദ്ദേശത്തിന് സർക്കാർ അംഗീകാരം നൽകുകയുണ്ടായി. മാർച്ച് ആദ്യവാരത്തിലായിരുന്നു പ്രോജക്ട് അവതരിപ്പിച്ചത്. 91,000 കോടി രൂപ വരെ നിക്ഷേപത്തോടെ ആരംഭിക്കുന്ന ഫാബ് നിർമാണം ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 20,000ൽ അധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുളള ടാറ്റ ഇലക്ട്രോണിക്സ്, പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപറേഷന്റെ (പിഎസ്എംസി) പങ്കാളിത്തത്തോടെയാണ് ഇന്ത്യയിലെ ആദ്യത്തെ എഐ പ്രാപ്തമാക്കിയ ഫാബ് നിർമിക്കു്നത്. പ്രതിമാസം 50,000 വേഫറുകൾ വരെ ഉൽപ്പാദന ശേഷിയുളള ഈ ഫാബിന് മികച്ച കാര്യക്ഷമത കൈവരിക്കുന്നതിനോടൊപ്പം ഫാക്ടറി ഓട്ടോമേഷൻ കഴിവുകൾ കൂടി ഉൾപ്പെടുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ഇത് പവർ മാനേജ്‌മെന്റ് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ, ഡിസ്‌പ്ലേ ഡ്രൈവറുകൾ,മൈക്രോ കൺട്രോളറുകൾ, ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് ലോജിക് തുടങ്ങിയ ആപ്ലിക്കേഷനുകൾക്കായുളള ചിപ്പുകൾ നിർമിക്കാൻ ഉപയോഗിക്കും. വയർലെസ് കമ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമോട്ടീവ് കമ്പ്യൂട്ടിംഗ്, ഡാറ്റ സ്റ്റോറേജ്, തുടങ്ങിയ വിപണികളിലെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിനായിരിക്കും നിർമാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |