മലയാളത്തിലെ മുൻനിരാ നായകൻമാരോടൊപ്പം ചുരുക്കം ചിത്രങ്ങളിൽ അഭിനയിച്ച് ആരാധകരുടെ പ്രിയതാരമായി മാറിയ ദക്ഷിണേന്ത്യൻ നടിയാണ് ഗൗതമി. ഒരു സമയത്ത് അഞ്ച് ഭാഷകളിൽ തിളങ്ങി നിന്ന ഗൗതമിയുടെ ജീവിതവും ദുരിതപൂർണമായിരുന്നു. ക്യാൻസർ ബാധിതയായിരുന്ന ഗൗതമി ഒരു ഫീനിക്സ് പക്ഷിയെ പോലെ അതിജീവിക്കാൻ കാരണം മകൾ സുബ്ബലക്ഷ്മിയോടുളള സ്നേഹവും കരുതലും കൊണ്ടാണെന്ന് പറയുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഷ്‌റഫ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'അഞ്ച് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ഗൗതമി. അവരുടെ ജീവിതം പാഠപുസ്തകം പോലെയാണ്. ഏറെ സുഖത്തോടെ ജീവിച്ച കൗമാരവും യൗവനവും. ഗൗതമിയുടെ ഒരു വർഷത്തെ വിവാഹ ജീവിതം ദുരിത പൂർണമായിരുന്നു. ആ ബന്ധത്തിൽ ഗൗതമിക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. പിന്നീട് നടൻ കമലഹാസനുമായുളള ലിവിംഗ് ടുഗെദറും. ഇതിനിടയിൽ അവർക്ക് ക്യാൻസറും പിടിപെട്ടു. പിന്നീട് കമലഹാസനുമായി മുന്നോട്ട് പോയ ലിവിംഗ് ടുഗെദർ ജീവിതവും തകർന്നടിയുന്നു.
താൻ കഷ്ടപ്പെട്ട് സമ്പാദിച്ച 15 കോടിയുടെ സ്വത്ത് മറ്റൊരാൾ കൈക്കലാക്കുന്നു, മകൾ അനാഥയാകുമോയെന്ന പേടി എന്നിവ ഗൗതമിക്കുണ്ടായ ദുഃഖങ്ങളാണ്. ഗൗതമിയെ ആശുപത്രി കിടക്കയിൽ വച്ച് കണ്ട എല്ലാവരും ഇനി അതിജീവിക്കില്ലെന്ന് വിധിയെഴുതി. എന്നാൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ അവർ ഉയർന്നുവന്നു. ഇപ്പോൾ അവർ ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ എന്ന സംഘടന ഉണ്ടാക്കി പ്രവർത്തിക്കുകയാണ്.
തമിഴ് ചിത്രമായ ഗുരുശിഷ്യൻ എന്ന രജനികാന്ത് നായകനായ ചിത്രത്തിലാണ് അവർ അഭിനയിച്ചത്. അധികം സിനിമ കാണുന്ന സ്വഭാവമല്ല തന്റേതെന്ന് ഗൗതമി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഗുരുശിഷ്യനിൽ അഭിനയിക്കാൻ ഗൗതമിക്ക് ധൈര്യം പകർന്നുകൊടുത്തത് രജനികാന്തായിരുന്നു. ആ ചിത്രം വൻ ഹിറ്റായിരുന്നു. അതോടെ അവർ ശ്രദ്ധിക്കപ്പെട്ടു. പല ഭാഷകളിലും അഭിനയിച്ചു. 1998ൽ സന്ദീപ് ഭാട്ടിയ എന്ന ബിസിനസുകാരനെ അവർ വിവാഹം കഴിച്ചു. എന്നാൽ 1999ൽ തന്നെ അവർ വേർപിരിഞ്ഞു. ആ ബന്ധത്തിൽ ജനിച്ച കുട്ടിയാണ് സുബലക്ഷ്മി. പിന്നീട് കമലഹാസനോടൊപ്പം 2005 മുതൽ 2016 വരെ വിവാഹമെന്ന കരാറിലേർപ്പെടാതെ പരസ്പര ധാരണയോടെ അവർ ഒന്നിച്ച് ജീവിച്ചു.
അതിനിടയിലാണ് അവർക്ക് ക്യാൻസർ പിടിപെടുന്നത്. അവരുടെ വേർപിരിയലിന് കാരണമൊന്നും ഗൗതമി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കമലഹാസന്റെ രാഷ്ട്രീയ ജീവിതത്തിൽ അത് വലിയൊരു തിരിച്ചടിയുണ്ടാക്കി. ക്യാൻസർ ബാധിച്ചപ്പോൾ ഭാര്യയെ ഉപേക്ഷിച്ച ക്രൂരൻ എന്നാണ് എതിർകക്ഷികൾ പറഞ്ഞു. തനിക്ക് സ്തനാർബുദമാണെന്ന് ഗൗതമി തന്നെ പറഞ്ഞിട്ടുണ്ട്. ഗൗതമിയുടെ ചികിത്സ നടക്കുന്നതിനിടയിൽ അവരുടെ 15 കോടി വില വരുന്ന സ്വത്ത് വിൽക്കുന്നതിനായി വിശ്വസ്തനായ മാനേജരുടെ പേരിലാക്കി. അത് അയാൾ തിരിമറി ചെയ്തു. ഇതിന്റെ പിറകെ നിയമനടപടികളുമായി അവർ ഒരുപാട് അലഞ്ഞു. കോടതിയിൽ നിന്ന് അവർക്ക് നീതി നൽകി. മലയാളിയായ കുന്നംകുളം സ്വദേശിയും ഗൗതമിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. ഒടുവിൽ മകളുടെ നല്ലൊരു ഭാവിക്കുവേണ്ടിയാണ് അവർ രോഗത്തെ അതിജീവിച്ചത്'- അഷ്‌റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |