ഹൈദരാബാദ്: നിയമവിരുദ്ധമായ ബെറ്റിംഗ് ആപ്പുകൾക്ക് പ്രചാരം നൽകിയതിന്റെ പേരിൽ 25 സെലിബ്രിറ്റികൾക്കെതിരെ കേസെടുത്ത് തെലങ്കാന പൊലീസ്. പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്‌മി തുടങ്ങി പ്രമുഖരായ നിരവധി താരങ്ങൾക്കെതിരെയാണ് കേസ്. വ്യവസായി ഫനിന്ദ്ര ശർമ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
സിനിമാ താരങ്ങളെ കൂടാതെ ഇൻഫ്ലുവൻസർമാരും പട്ടികയിലുണ്ട്. പ്രണീത, നിധി അഗർവാൾ, അനന്യ ഗനഗല്ല, സിരി ഹനുമന്ദു, ശ്രീമുഖി, വർഷിണി സൗന്ദരാജൻ, വാസന്തി കൃഷ്‌ണൻ, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താൻ, പാണ്ഡു, പത്മാവതി, ഇമ്രാൻ ഖാൻ, വിഷ്‌ണു പ്രിയ, ഹർഷ സായി, സണ്ണി യാദവ്, ശ്യാമള, ടേസ്റ്റി തേജ, ബന്ദാരു ശേഷായനി സുപ്രിത എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നിയമവിരുദ്ധമായ ബെറ്റിംഗ് ആപ്പുകൾ സെലിബ്രിറ്റികളുടെയും ഇൻഫ്ലുവൻസർമാരുടെയും സഹായത്തോടെ സോഷ്യൽമീഡിയയിൽ പരസ്യങ്ങൾ ചെയ്യുന്നു. ഈ ആപ്പുകൾ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നുണ്ട്. മാത്രമല്ല, ഇവർ ഇടത്തരം അല്ലെങ്കിൽ അതിലും താഴെ സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു.
പലരും കഠിനാദ്ധ്വാനം ചെയ്‌ത പണം ഈ ആപ്പ് ഉപയോഗിച്ച് നഷ്‌ടപ്പെടുത്തുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്. അത്തരമൊരു വെബ്‌സൈറ്റിൽ നിക്ഷേപിക്കാൻ പോയതായിരുന്നു. എന്നാൽ, കുടുംബം മുന്നറിയിപ്പ് നൽകിയിതോടെയാണ് പിന്മാറിയതെന്നും പരാതിക്കാരൻ പറയുന്നുണ്ട്. നിരവധി സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും വൻ തുക പ്രതിഫലം വാങ്ങി ഇവ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. വഞ്ചനാക്കുറ്റത്തിനാണ് ഐടി ആക്‌ട് പ്രകാരം കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |