തിരുവനന്തപുരം: മുതിർന്ന സി പി ഐ നേതാവ് കെ ഇ ഇസ്മയിലിന് സസ്‌പെൻഷൻ. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനം. ആറ് മാസത്തേക്കാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, നടപടി സംബന്ധിച്ച് പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും ഇപ്പോൾ കൂടുതൽ പ്രതികരണത്തിന് മുതിരുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിയുണ്ടായാലും പാർട്ടിയിൽ തുടരുമെന്നും ഇസ്മയിൽ കൂട്ടിച്ചേർത്തു.
'ചാനലുകളിൽ എന്നെക്കുറിച്ചൊരു വാർത്ത കാണാനിടയായി. 1955 മുതൽ തുടങ്ങിയതാണ്. എഴുപത് കൊല്ലമായി. ഞാനിപ്പോഴും കമ്മ്യൂണിസ്റ്റാണ്, മരിക്കുന്നതുവരെ കമ്മ്യൂണിസ്റ്റാണ്. ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല.'- അദ്ദേഹം പറഞ്ഞു.
മുൻ എം എൽ എയും എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജുവിന്റെ മരണത്തിന് പിന്നാലെ കെ ഇ ഇസ്മയിൽ നടത്തിയ പ്രതികരണം വിവാദമായിരുന്നു. രാജുവിന്റെ മരണത്തെ തുടർന്ന് പാർട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെ ഇസ്മയിലും പാർട്ടിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്തിയെന്നായിരുന്നു ഇസ്മയിലിന്റെ ആരോപണം. ഇതിനുപിന്നാലെയാണ് നടപടിയെടുത്തത്. ദേശീയ എക്സിക്യൂട്ടീവ് മുൻ അംഗമായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |