കോഴിക്കോട്: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും തുടര്‍ന്നുള്ള ആക്രമണവും തടയാന്‍ നടപടിയുമായി മഹല്ല് കമ്മിറ്റികള്‍. കോഴിക്കോട് ജില്ലയിലെ താമരശേരി ഭാഗത്തെ ഈങ്ങാപ്പുഴ, അടിവാരം മേഖലകളിലെ ലഹരി വ്യാപനവും തുടര്‍ന്ന് നടന്ന രണ്ട് കൊലപാതകങ്ങളുടേയും പശ്ചാത്തലത്തിലാണ് മേഖലയിലെ മഹല്ല് കമ്മിറ്റികള്‍ കര്‍ശനമായ നിലപാടിലേക്ക് കടന്നത്. വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ സംയുക്തമായി ഒടുങ്ങാക്കാട് മസ്ജിദ് ഹാളില്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്.
യോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം വിവാഹം സംബന്ധിച്ചുള്ളതാണ്. ലഹരി ബന്ധങ്ങള്‍ ഇല്ലാത്തവരുമായി മാത്രമേ വിവാഹം അനുവദിക്കുകയുള്ളൂ. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് മഹല്ലുകളില്‍ നിന്ന് വിവാഹത്തിന് ആവശ്യമായ സ്വഭാവശുദ്ധി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. പെണ്‍കുട്ടികള്‍ക്ക് അപകടകരമായ സൗഹൃദങ്ങളിലും ബന്ധങ്ങളിലും ചെന്നുപെടാതിരിക്കാന്‍ പ്രത്യേക ബോധവത്കരണം നല്‍കുന്നതാണ് മറ്റൊരു തീരുമാനം.
യുവതി യുവാക്കള്‍ക്ക് പുറമേ രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലനവും ബോധവത്കരണവും നല്‍കും. ലഹരി സംഘങ്ങളുമായി ബന്ധമുള്ളവരേയും ലഹരി ഉപയോഗിക്കുന്നവരേയും മഹല്ലുകളില്‍ നിന്ന് ബഹിഷ്‌കരിക്കും. ലഹരിക്കെതിരെ മഹല്ല് തലത്തില്‍ ബഹുജന കൂട്ടായ്മയും യുവാക്കളുടെ കൂട്ടായ്മയും രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈങ്ങാപ്പുഴ കക്കാട് സ്വദേശിയായ യുവാവ് ഭാര്യയെ കുത്തിക്കൊന്നത്. രണ്ട് മാസം മുന്‍പു പുതുപ്പാടിയില്‍ യുവാവ് ഉമ്മയെ കഴുത്തറുത്തു കൊന്നിരുന്നു. ഈ മാസമാദ്യം പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. ലഹരി ഉപയോഗത്തെത്തുടര്‍ന്ന് നിരവധി അക്രമ സംഭവങ്ങളും അരങ്ങേറി. ഇതോടെയാണ് മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |