ബംഗളൂരു: വിവാഹ ഫോട്ടോഷൂട്ടിനിടെ യുവതിക്ക് സാരമായി പരിക്കേറ്റു. ഫോട്ടോഷൂട്ടിനിടെ ചുംബിക്കാനൊരുങ്ങുമ്പോള്‍ കളര്‍ ബോംബ് പൊട്ടിത്തെറിച്ചാണ് യുവതിയുടെ പിന്‍ഭാഗത്ത് പരിക്കേറ്റത്.
കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയുമാണ് ബംഗളൂരുവില്‍ വച്ച് വിവാഹിതരായത്. വിവാഹത്തിന് ശേഷം നടന്ന ഫോട്ടോഷൂട്ടിനിടെയായിരുന്നു അപകടം. യുവതിയുടെ പിന്‍ഭാഗത്ത് പൊള്ളലേല്‍ക്കുകയും മുടിയുടെ ഭാഗം കരിഞ്ഞുപോവുകയുംചെയ്തു.
വധുവിനെ വരന്‍ പൊക്കിയെടുത്ത് ചുംബിക്കാനൊരുങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കളര്‍ ബോംബ് യുവതിയുടെ ശരീരത്തില്‍ പതിച്ചത്. തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സതേടി.
സംഭവത്തിന്റെ വീഡിയോ ദമ്പതികള്‍ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് തങ്ങള്‍ വീഡിയോ പുറത്തുവിട്ടതെന്ന് അവര്‍ പ്രതികരിച്ചു. മനോഹരമായൊരു ഷോട്ടിന് വേണ്ടി പശ്ചാത്തലത്തില്‍ കളര്‍ ബോംബുകള്‍ പൊട്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, അത് പാളുകയും ഞങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു', സമൂഹമാദ്ധ്യമങ്ങളില്‍ യുവതി കുറിച്ചു.
അതേസമയം, വെഡിംഗ് ഫോട്ടോ ഷൂട്ടുകളുടെ ഭാഗമായി ഉണ്ടായ അപകടത്തില്‍ ഇരുവരേയും ആശ്വസിപ്പിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്ത് വന്നു. വിവാഹം പോലുള്ള പവിത്രമായ ചടങ്ങുകളില്‍ ഇത്തരം അപകടം പിടിച്ച വസ്തുക്കള്‍ ഉള്‍പ്പെടുത്തിയുള്ള ഫോട്ടോഷൂട്ടുകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്നതിന് ഈ സംഭവം ഒരു ഉദാഹരണമാണെന്നാണ് പലരും കമന്റ് ചെയ്തത്. ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാത്തതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |