കൊച്ചി: പ്രീമിയം തത്കാൽ ടിക്കറ്രുകളുൾപ്പെടെ അനധികൃതമായി റെയിൽവേ ടിക്കറ്രുകൾ വിൽക്കുന്ന സംഘം അറസ്റ്റിൽ. അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രെയിനുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്ന പശ്ചിമബംഗാൾ സ്വദേശികളായ മുഹമ്മദ് ആബിദ്ദീൻ (32), അഞ്ജും റാഹി (39) എന്നിവരെയാണ് എറണാകുളം സൗത്ത് ആർ.പി.എഫ് ഇൻസ്പെക്റ്രർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കസ്റ്റഡിയിലെടുക്കുമ്പോൾ ഇവരുടെ പക്കൽ 7100 രൂപയുടെ പ്രീമിയം തത്കാൽ ടിക്കറ്രുകളും 14,000 രൂപയുടെ ഇ ടിക്കറ്റുകളുമുണ്ടായിരുന്നു. ഓൺലൈനായി ടിക്കറ്രുകൾ ബുക്ക് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
റിസർവേഷൻ കൗണ്ടറുകളിൽ നിന്നാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. ഓൺലൈൻ ടിക്കറ്രുകൾ ബുക്ക് ചെയ്യാൻ വിവിധ യൂസർ ഐ.ഡികൾ ഉപയോഗിച്ചിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ടിക്കറ്റ് വില്പന. രണ്ടിരട്ടി വരെയാണ് നിരക്ക് ഈടാക്കുന്നത്. ഇവർ അമിതനിരക്ക് ഈടാക്കിയ യാത്രക്കാരിൽ ഒരാൾ നൽകിയ പരാതിയാണ് പ്രതികളെ കുടുക്കിയത്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്രേഷൻ, ബ്രോഡ് വേ പരിസരങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |