ബംഗളൂരു: കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഒറ്റയടിക്ക് എംഎല്‍എമാരുടെ ശമ്പളത്തില്‍ വരുത്തിയത് നൂറ് ശതമാനം വര്‍ദ്ധനവ്. മുമ്പ് അടിസ്ഥാന ശമ്പളം 40,000 രൂപമായിരുന്നത് ഇപ്പോള്‍ 80,000 രൂപയാക്കിയാണ് ഉയര്‍ത്തിയത്. അലവന്‍സുകള്‍ ഉള്‍പ്പെടെ പ്രതിമാസം മൂന്ന് ലക്ഷം രൂപ ലഭിക്കുമായിരുന്നത് ഇനി മുതല്‍ അഞ്ച് ലക്ഷമായി ഉയരും. അതായത് ശമ്പളവും മറ്റ് അലവന്‍സുകളും ചേര്‍ത്ത് കൈയില്‍ കിട്ടുന്ന തുകയില്‍ ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത് രണ്ട് ലക്ഷം രൂപയുടെ വര്‍ദ്ധനവ്.
എംഎല്‍എമാര്‍ക്ക് പുറമേ മുഖ്യമന്ത്രി, മറ്റ് ക്യാബിനറ്റ് മന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍ എന്നിവരുടെ ശമ്പളത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 75,000 രൂപയായിരുന്ന മുഖ്യമന്ത്രിയുടെ ശമ്പളം ഒന്നരലക്ഷമായി ഉയര്‍ത്തിയാണ് ഉത്തരവിറങ്ങിയത്. മന്ത്രിമാര്‍ക്ക് ലഭിച്ചിരുന്ന ശമ്പളം 60,000 ആയിരുന്നത് 1.25 ലക്ഷം രൂപയാക്കിയിട്ടുണ്ട്.
സ്പീക്കര്‍ - 75,000 രൂപ മുതല്‍ 1,25,000 രൂപ വരെ, മുഖ്യമന്ത്രി - 75,000 രൂപ മുതല്‍ 1,50,000 രൂപ വരെ, പ്രതിപക്ഷ നേതാവ് - 60,000 രൂപ മുതല്‍ 70,000 രൂപ വരെ, ചീഫ് വിപ്പ് - 50,000 രൂപ മുതല്‍ 70,000 രൂപ വരെ, എംഎല്‍എ, എംഎല്‍സിമാര്‍ - 40,000 രൂപ മുതല്‍ 80,000 രൂപ വരെ - എന്നിങ്ങനെയാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെ എംഎല്‍എയായ അരവിന്ദ് ബെല്ലാറ്റ് ഉള്‍പ്പെടെയുള്ളവര്‍ ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം സഭാ സമ്മേളനത്തില്‍ മുന്നോട്ട് വച്ചിരുന്നു.
സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ക്കും സാമൂഹ്യ ക്ഷേമ സ്‌കീമുകള്‍ക്കും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളത്തില്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്. അതുകൊണ്ട് തന്നെ പുതിയ തീരുമാനത്തില്‍ കനത്ത ജനരോഷമുണ്ട്. സാധാരണക്കാരെ പോലെ മന്ത്രിമാരും ജീവിത ചെലവ് മുന്നോട്ട് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടുകയാണെന്നാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര ശമ്പള വര്‍ദ്ധനവിനെ കുറിച്ച് നടത്തിയ പരാമര്‍ശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |