ന്യൂഡൽഹി: ആശാവർക്കർമാരുടെ വേതന വർദ്ധനയടക്കം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡൽഹിയിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന് അദ്ദേഹത്തെ കാണാനായില്ല. പാർലമെന്റിലെ തിരക്കു ചൂണ്ടിക്കാട്ടി നദ്ദയുടെ ഒാഫീസ് സമയം അനുവദിക്കാത്തതാണ് കാരണം. ആശാ വിഷയത്തിലെയടക്കം നിവേദനം കേരളാഹൗസ് വഴി നദ്ദയുടെ ഒാഫീസിൽ എത്തിക്കുമെന്ന് വീണാ ജോർജ് പറഞ്ഞു. നദ്ദയുടെ സൗകര്യംപോലെ മറ്റൊരു ദിവസം കൂടിക്കാഴ്ചയ്‌ക്ക് ശ്രമിക്കുമെന്നും വ്യക്തമാക്കി.
ആശമാരുടെ വിഷയത്തിനൊപ്പം എയിംസ്, കാസർകോട്ടും വയനാട്ടിലും മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. മാർച്ച് 18ന് സ്വന്തം ഒാഫീസ് വഴിയും 19ന് കേരളാഹൗസ് റസിഡന്റ് കമ്മിഷണർ വഴിയും നദ്ദയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് സമയം തേടിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.അബ്ദുറഹ്മാൻ എന്നിവർക്കൊപ്പം ക്യൂബൻ ഉപപ്രധാനമന്ത്രിയുമായി ഇന്നലെ വൈകിട്ട് അശോക ഹോട്ടലിൽ നടത്തിയ ചർച്ചയിൽ മന്ത്രി പങ്കെടുത്തു. ക്യാൻസർ വാക്‌സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് മലബാർ ക്യാൻസർ സെന്ററുമായി ക്യൂബയിലെ ഒരു സ്ഥാപനം നടത്തിയ ചർച്ചയുടെ തുടർച്ചയായിരുന്നു ഈ കൂടിക്കാഴ്ച. ഇതായിരുന്നു ഡൽഹി യാത്രയുടെ പ്രധാന അജണ്ടയെന്നും വീണാ ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |