കണ്ണൂർ: ബി ജെ പി പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൈതപ്രം സ്വദേശി കെ കെ രാധാകൃഷ്ണനെ (51) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പെരുമ്പടവ് സ്വദേശി സന്തോഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികളായിരുന്നു. ഇവരുമായുള്ള സൗഹൃദം തുടരാനാകാത്തതാണ് സന്തോഷിൽ വൈരാഗ്യമുണ്ടാക്കിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.
സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണന് ഭാര്യയും രണ്ട് മക്കളുമുണ്ട്. രാധാകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇന്ന് തന്നെ സംസ്‌കാരവും നടക്കും. പ്രതി മദ്യലഹരിയിലാണ് കൃത്യം ചെയ്‌തത്. ഫേസ്‌ബുക്കിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്‌ത ശേഷമായിരുന്നു കൊല നടത്തിയത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്.
വെടിയൊച്ച കേട്ട് അയൽവാസികൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന രാധാകൃഷ്ണനെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം സന്തോഷ് ഫേസ്ബുക്കിൽ അടുത്ത പോസ്റ്റിട്ടു.
തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് സന്തോഷിനെ കണ്ടെത്തിയത്. നാടൻ തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഈ തോക്ക് കണ്ടെത്താനായിട്ടില്ല. സമീപത്തെ കിണറുകളിൽ അടക്കം പൊലീസ് ഇന്ന് പരിശോധന നടത്തും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |