ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് കെട്ടുകണക്കിന് കറൻസി നോട്ടുകൾ. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തത്. കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് അംഗങ്ങളാണ് നോട്ടുകെട്ടുകളുടെ കൂമ്പാരം കണ്ടെത്തിയത്.
കെട്ടിടത്തിൽ തീ പിടിച്ചപ്പോൾ ജസ്റ്റിസ് യശ്വന്ത് വർമ അവിടെ ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങളാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. അവരെത്തി തീ അണച്ചു. തുടർന്ന് പതിവുനടപടിക്രമങ്ങളുടെ ഭാഗമായി തീ പിടിത്തത്തെത്തുടർന്നുണ്ടായ നഷ്ടത്തിന്റെ കണക്കെടുക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി മുറികളിൽ നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. കൂടുതൽ പരിശോധനയിൽ ഇത് കണക്കിൽ പെടാത്ത പണമാണെന്ന് വ്യക്തമായി. ഇതോടെ പരിശോധനയിൽ പങ്കെടുത്ത പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചു.
കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത വിവരം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും അറിയിച്ചു. അദ്ദേഹം ഉടൻതന്നെ സുപ്രീംകോടതി കൊളീജിയം വിളിച്ചുചേർത്തു. യശ്വന്ത് വർമയ്‌ക്കെതിരെ നടപടി വേണമെന്ന് കൊളീജിയം അംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യശ്വന്ത് വർമയ്‌ക്കെതിരെ അന്വേഷണം നടത്തിയശേഷമായിരിക്കും കൂടുതൽ കടുത്ത നടപടികൾ ഉണ്ടാവുക. നിലവിൽ ഡൽഹി ഹൈക്കോടതി കോളീജിയത്തിലെ അംഗമാണ് ജസ്റ്റിസ് യശ്വന്ത് വർമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |