വാഷിംഗ്ടൺ: ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്ന പേരിൽ യുഎസിൽ അറസ്റ്റിലായ ഇന്ത്യൻ വിദ്യാർത്ഥി ബാദർ ഖാൻ സൂരിയെ നാടുകടത്തരുതെന്ന് ട്രംപ് സർക്കാരിനോട് ഉത്തരവിട്ട് കോടതി. അലക്സാണ്ട്രിയയിലെ ജില്ലാ കോടതി ജഡ്ജി പട്രീഷിയ ഗിൽസാണ് ട്രംപ് സർക്കാരിനോട് ഉത്തരവിട്ടിരിക്കുന്നത്. യുഎസ് ജോർജ്ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ ബാദർ ഖാൻ സൂരി യുഎസിന്റെ വിദേശനയത്തെ ലംഘിച്ചെന്ന പേരിലാണ് നടപടി ഉണ്ടായത്.
ബാദർ ഖാൻ സൂരിക്ക് പാലസ്തീൻ സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് ആരോപിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. വിർജീനിയയിലെ വീട്ടിൽ നിന്ന് ഇയാളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് വ്യക്തമാക്കിയ ഇവർ ബാദർ ഖാൻ സൂരിയുടെ വിസ സർക്കാർ റദ്ദാക്കിയതായും അറിയിച്ചിട്ടുണ്ട്.
ബാദർ ഖാൻ സൂരി സമൂഹമാദ്ധ്യമങ്ങളിലൂടെ ജൂതവിരുദ്ധത പ്രോത്സാഹിപ്പിച്ചെന്നും ഹമാസിന്റെ മുതിർന്ന ഉപദേശകനുമായി സൂരിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. 'സൂരിയുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ നിന്നായതിനാൽ അദ്ദേഹത്തെ നാടുകടത്താൻ വിധിച്ചുകൊണ്ട് 2025 മാർച്ച് 15ന് സ്റ്റേറ്റ് സെക്രട്ടറി തീരുമാനം പുറപ്പെടുവിച്ചു'- ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലാഫ്ലിൻ സമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.
വാഷിംഗ്ടൺ ഡിസിയിലുള്ള ജോർജ്‌ടൗൺ സർവകലാശാലയിലെ എഡ്മണ്ട് എ. വാൽഷ് സ്‌കൂൾ ഒഫ് ഫോറിൻ സർവീസിലെ അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലീം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗിൽ പോസ്റ്റ്ഡോക്ടറൽ ഫെലോയാണ് ഡോ. ബാദർ ഖാൻ സൂരി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ നെൽസൺ മണ്ടേല സെന്റർ ഫോർ പീസ് ആന്റ് കോൺഫ്ളിക്‌സ് റെസല്യൂഷനിൽ നിന്ന് പീസ് ആന്റ് കോൺഫ്ളിക്‌സ് സ്റ്റഡീസിൽ പിഎച്ച്‌ഡി നേടി.
പാലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് യുഎസ് വിസ റദ്ദാക്കിയ ഇന്ത്യൻ വിദ്യാർത്ഥിനി ദിവസങ്ങൾക്ക് മുൻപ് സ്വമേധയാ നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊളംബിയ സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. രഞ്ജനി ഹമാസിനെ പിന്തുണച്ച് പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നാണ് യുഎസ് ആരോപിക്കുന്നത്. ഇതോടെ വിസ റദ്ദാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |