തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് കേരളത്തിൽ മടങ്ങിയെത്തി. കൂടിക്കാഴ്‌ചയ്‌ക്കായി അപ്പോയിൻമെന്റ് തേടിയത് എന്നാണെന്ന് വ്യക്തമാക്കാത്ത മന്ത്രി ചില മാദ്ധ്യമങ്ങളെ വിമർശിച്ചു. ആശമാർ നിരാഹാര സമരം തുടങ്ങുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയത് കുറ്റമാണോ എന്നും മന്ത്രി ചോദിച്ചു.
വീണാ ജോർജ് പറഞ്ഞത്:
'പ്രകടന പത്രികയിൽ പറഞ്ഞത് എൽഡിഎഫ് ചെയ്യും. കാലോചിതമായി ഓണറേറിയം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനിയും വർദ്ധിപ്പിക്കും. കേന്ദ്രമന്ത്രിയുടെ അപ്പോയിൻമെന്റ് തേടിയത് കുറ്റകരമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് കഷ്‌ടമാണ്. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയത് തെറ്റാണോ? ആശമാർ നിരാഹാര സമരം തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയെ കാണാൻ തീരുമാനിച്ചത്.
ഇത് ആദ്യമായല്ല കേന്ദ്രമന്ത്രിയെ കാണുന്നത്. സമരമൊന്നും ഇല്ലാതിരുന്ന കാലത്ത്, ആറ് മാസം മുമ്പ് പല സംഘടനകളും വന്ന് പറയുന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. അതിൽ ഈ കാര്യവും പറഞ്ഞിരുന്നു. എന്താണ് ചില മാദ്ധ്യമങ്ങൾ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. ഇത് വളരെ കഷ്‌ടമാണ്.
ഊഹാപോഹങ്ങൾക്കൊന്നും മറുപടിയില്ല. എന്നാണ് കേന്ദ്രമന്ത്രിയുടെ അപ്പോയിൻമെന്റ് എടുത്തതെന്ന് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ജനങ്ങളോട് പറയും. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. അസത്യ പ്രചരണമാണ് നടക്കുന്നത്. '
മാദ്ധ്യമങ്ങളുടെ പല ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ ആരോഗ്യമന്ത്രി തയ്യാറായില്ല. ഓണറേറിയം വർദ്ധിപ്പിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രകടനപത്രികയുടെ അനുബന്ധം വായിക്കണമെന്നായിരുന്നു മറുപടി. സിപിഎം വെബ്‌സൈറ്റിലെ പ്രകടനപത്രിക ഉയർത്തിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനും മന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |