കൊച്ചി: കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുക്കും. പീഡനത്തെപ്പറ്റി കുട്ടികളുടെ അമ്മയ്‌ക്ക് അറിയാമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പീഡനത്തിനിരയായ പെൺകുട്ടികളുടെ അമ്മയുടെ മൊഴി വീണ്ടും എടുക്കുകയാണ് പൊലീസ്. മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയ്‌ക്കെതിരെ പുതിയ കേസെടുക്കും. പീഡനം അറിഞ്ഞിട്ടും ഇത് മറച്ചുവച്ചതിനാകും കേസെടുക്കുക.
ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തി. പെരുമ്പാവൂർ മജിസ്‌ട്രേറ്റിന് മുന്നിലാണ് കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തും ടാക്‌സി ഡ്രൈവറുമായ അയ്യമ്പുഴ സ്വദേശി ധനേഷിനെ ഇന്നലെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാൻ കാരണമായത്.
ധനേഷ് റിമാൻഡിലാണ്. പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽറ്റർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് ഇവരുടെ അമ്മയുമായി പ്രതി ബന്ധമുണ്ടാക്കിയത്. രണ്ടാനച്ഛൻ ആയിട്ടാണ് കുട്ടികൾ ധനേഷിനെ കണ്ടിരുന്നത്. ഈ സ്വാതന്ത്ര്യം മുതലെടുത്താണ് പെൺകുട്ടികളെ പ്രതി ദുരുപയോഗം ചെയ്‌തത്.
നിരന്തരം വീട്ടിൽ വന്നിരുന്ന ഇയാൾ രണ്ട് വർഷത്തോളം കുട്ടികളെ ചൂഷണം ചെയ്‌തുവെന്നാണ് പൊലീസ് കണ്ടെത്തിയത്. മൂത്ത പെൺകുട്ടി 'ഞങ്ങളുടെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വരണമെന്ന്' പറഞ്ഞ് സുഹൃത്തിന് കത്ത് നൽകി. ഇത് ആ പെൺകുട്ടിയുടെ അമ്മ കണ്ടതോടെ സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൂത്ത പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |