കുറ്റിച്ചൽ: കുറ്റിച്ചലിൽ ലഹരി മാഫിയ സംഘം വ്യാപാരിയെ ആക്രമിച്ച് ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം രൂപ കവർന്നു. എസ്.എൻ.ഡി.പി യോഗം ഉത്തരംകോട് ശാഖയുടെ മുൻ പ്രസിഡന്റും കുറ്റിച്ചൽ അഖില ട്രേഡേഴ്സിന്റേയും കോട്ടൂർ വി.എൻ ഓഡിറ്റോറിയത്തിന്റേയും ഉടമയുമായ കോട്ടൂർ അഖില ഭവനിൽ വിശ്വംഭരനെ(65)യാണ് സ്‌കൂട്ടറിലെത്തിയ മൂന്നംഗ ലഹരി മാഫിയ സംഘം ആക്രമിച്ച് പണം കവർന്നത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ ഉത്തരംകോട് ചപ്പാത്തിന് സമീപത്തായിരുന്നു സംഭവം.
പതിവുപോലെ വ്യാഴാഴ്ച രാത്രിയിലും കുറ്റിച്ചലിൽ നിന്നും കടപൂട്ടി പണവുമായി കോട്ടൂരിലെ വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്നു വിശ്വംഭരൻ. ഉത്തരംകോട് എത്തിയപ്പോൾ ആക്ടീവ സ്കൂട്ടറിൽ പിന്തുടർന്നെത്തിയ സംഘം കാർ തടഞ്ഞുനിറുത്തി വിശ്വംഭരനെ കാറിൽ നിന്നു പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിശ്വംഭരനെ ആര്യനാട് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നെയ്യാർഡാം പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നെയ്യാർഡാം പൊലീസ് പിടികൂടി. പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. പ്രതികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് നെയ്യാർഡാം എസ്.എച്ച്.ഒ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |