ആലപ്പുഴ: തലമുറകളുടെ കല്യാണമേളത്തിന് സാക്ഷിയാണ് ആലപ്പുഴ നഗരത്തിലെ കല്യാണി ഓഡിറ്റോറിയം. 42 വർഷത്തിനിടെ ഇവിടെ 800 വിവാഹം നടന്നു. ഇവരുടെ സംഗമത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് കല്യാണി. ഓഡിറ്റോറിയം ഉടമ വെള്ളക്കിണർ കല്യാൺ വില്ലയിൽ സോണി ജെ. കല്യാൺകുമാറിന്റേതാണ് ആശയം. ആലപ്പുഴ നഗരസഭ മുൻ അദ്ധ്യക്ഷനും കയർ കയറ്റുമതി വ്യവസായിയുമാണ് സോണി. മേയ് 18നാണ് സംഗമം.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൾ ആശയുടേതുൾപ്പെടെ നിരവധി പ്രമുഖരുടെ മാംഗല്യത്തിന് കല്യാണി വേദിയായിട്ടുണ്ട്. ഇവയിലേറെയും മുസ്ലീം, ക്രിസ്‌ത്യൻ വിവാഹങ്ങളുടെ മധുരംകൊടുപ്പ് ചടങ്ങാണ്. കൊവിഡിൽ ഓഡിറ്റോറിയം ഹോട്ടൽ നടത്തിപ്പിനായി നൽകിയിരുന്നു. 2022ൽ ഓഡിറ്റോറിയം പുനഃരാരംഭിച്ചു.
കയർഫാക്ടറി ഓഡിറ്റോറിയമായി
സോണിയുടെ മുത്തച്ഛൻ കല്യാണി പിള്ള 1921ൽ കയർ ഫ്ലോർ ഫർണിഷിംഗ് കമ്പനിയായി ആരംഭിച്ച കെട്ടിടമാണ് കല്യാണി ഓഡിറ്റോറിയമായത്. കയർ കയറ്റുമതി ചെയ്തിരുന്ന ചുരുക്കം ഇന്ത്യൻ കമ്പനികളിൽ ഒന്നായിരുന്നു ആലപ്പുഴ കനാൽക്കരയിലെ കയർ ഫ്ലോർ ഫർണിഷിംഗ് കമ്പനി (കല്യാണി കമ്പനി). കയർ വ്യവസായത്തിന്റെ തകർച്ചയെ തുടർന്ന് കല്യാണിപിള്ളയുടെ മകനും ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷനുമായിരുന്ന കെ.എസ്. ജനാർദ്ദനനാണ് ഫാക്‌ടറിയെ 1983ൽ കല്യാണി ഓഡിറ്റോറിയമാക്കിയത്.
'ഇവിടെ നടന്ന വിവാഹങ്ങളിൽ അതിഥികളായി വരുന്ന പലരും തങ്ങളുടെയും കൊച്ചു മക്കളുടെയുമെല്ലാം വിവാഹം കല്യാണിയിലായിരുന്നു എന്ന് പറയാറുണ്ട്. അവിടെ നിന്നാണ് സംഗമം നടത്താൻ തീരുമാനിച്ചത്. ധാരാളം പേർ താത്പര്യവുമറിയിച്ചിട്ടുണ്ട്".
- സോണി ജെ. കല്യാൺകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |