പാലക്കാട്: ഹൈ സ്പീഡ് വരുമാനവുമായി പാലക്കാട് റെയിൽവേ ഡിവിഷൻ. 2024-25 സാമ്പത്തിക വർഷം പാലക്കാട് റെയിൽവേ ഡിവിഷന്റെ വരുമാനം 935.52 കോടി രൂപ. മുൻ വർഷത്തെ അപേക്ഷിച്ച് 6.13% വരുമാന വർദ്ധന. 2023-24 സാമ്പത്തിക വർഷം ഡിവിഷന്റെ ടിക്കറ്റ് വരുമാനം 881.47 കോടി രൂപയായിരുന്നു. യാത്രക്കാരുടെ വരുമാനത്തിന് പുറമേ, പാഴ്സൽ, ലഗേജ് സേവനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് കോച്ചിംഗ് വരുമാനവും 2024-25 ൽ ഉയർന്ന് 65.78 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇത് 60.48 കോടി രൂപയായിരുന്നു. അധിക കോച്ചുകൾ ഏർപ്പെടുത്തി യാത്ര സൗകര്യങ്ങൾ വർദ്ധിപ്പിച്ചതും ഉത്സവ സീസണുകളിൽ അധിക ട്രെയിൻ സർവീസുകൾ നടപ്പാക്കിയതും മെച്ചപ്പെട്ട വരുമാനത്തിന് കാരണമായി. പാലക്കാട് ഡിവിഷനു കീഴിലുള്ള കൂടുതൽ ട്രെയിനുകൾ ഈ വർഷം എൽ.എച്ച്.ബി കോച്ചുകളാക്കി മാറ്റും. കൂടാതെ, കച്ചെഗുഡ-മംഗളൂരു എക്സ്പ്രസ് മുരുദേശ്വറിലേക്ക് നീട്ടുന്നത് മുരുദേശ്വർ, മൂകാംബിക, ഉഡുപ്പി എന്നിവ സന്ദർശിക്കുന്ന യാത്രക്കാർക്ക് സഹായകരമാകും.
കൂടുതൽ സ്പെഷ്യൽ ട്രെയിൻ
പ്രതിദിനം ശരാശരി 170 റെഗുലർ ട്രെയിൻ സർവീസുകൾ പാലക്കാട് ഡിവിഷൻ കൈകാര്യം ചെയ്യുന്നുണ്ട്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ 1,874 പ്രത്യേക ട്രെയിൻ സർവീസുകൾ ഡിവിഷൻ നടത്തി. കഴിഞ്ഞ സാമ്പത്തിക വർഷം 1,162 പ്രത്യേക സർവീസാണ് നടത്തിയത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് സ്പെഷ്യൽ ട്രെയിൻ യാത്രകളുടെ എണ്ണത്തിൽ 61.27% വർധനയുണ്ടായി. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ സാമ്പത്തിക വർഷം 191 അധിക കോച്ചുകളാണ് ഘടിപ്പിച്ചിരുന്നെങ്കിൽ, 2024-25ൽ അത് 532 ആയി ഉയർത്തി. മാവേലി, മലബാർ, അമൃത തുടങ്ങിയ ട്രെയിൻ സർവീസുകളിൽ ഘടിപ്പിച്ചിരിക്കുന്ന അധിക കോച്ചുകളുടെ എണ്ണം ജോലിക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകാരപ്പെട്ടു. പാലക്കാട് ഡിവിഷൻ പരിപാലിക്കുന്ന എല്ലാ ട്രെയിനുകളിലും കുറഞ്ഞത് 4 ജനറൽ കോച്ചുകളെങ്കിലും ഉറപ്പാക്കിയിട്ടുണ്ട്. 16348/47 തിരുവനന്തപുരം മംഗളൂരു എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ് എന്നിവയ്ക്കായി പഴഞ്ചൻ ഐ.സി.എഫ് കോച്ചുകളിൽ നിന്ന് സുരക്ഷിതമായ എൽ.എച്ച്.ബി കോച്ചുകളിലേക്ക് അടുത്തിടെ നവീകരിച്ചതും നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |