കോന്നി : ആദ്യക്ഷരം പകർന്ന ആശാൻ കളരികൾ വിസ്മൃതിയിലേക്ക് കടന്നുവെങ്കിലും മാറിയ കാലത്ത് അക്ഷരങ്ങളോടൊപ്പം സാഹോദര്യവും സ്നേഹവും പകരുകയാണ് അതുമ്പുംകുളം ഞള്ളൂർ പുത്തൻവീട്ടിൽ തങ്കമണി ആശാട്ടി. കെയർ ടേക്ക് സ്കൂളും എൽ.കെ.ജിയും യു.കെ.ജിയുമായി കുരുന്നുകളുടെ ജീവിതം മാറുന്ന ഈ കാലഘട്ടത്തിൽ തങ്കമണി ആശാട്ടിയെ തേടി കുട്ടികൾ ഇപ്പോഴുമെത്തുന്നു. തറയിൽ വിരിച്ച മണലിൽ വിരൽത്തുമ്പ് അമർത്തി, ഉറക്കെ പറഞ്ഞുകൊണ്ട് അക്ഷരപഠനം തുടരുകയാണിവിടെ.
അഞ്ച് തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകരാനായതിന്റെ ധന്യതയിലാണ് ആശാട്ടി.
വീട്ടിലെ ആശാൻ പള്ളിക്കൂടം ഇപ്പോഴും സജീവമാണ്. ആറ് കുരുന്നുകൾ ഇവിടെ അക്ഷരമധുരം നുകരാൻ എത്തുന്നു. പനയോലയിൽ നാരായം കൊണ്ട് ഹരീശ്രീ ഗണപതായേ നമഃ എന്ന് കുറിച്ച്, അക്ഷരകൂട്ടുകൾ ഏറ്റുചൊല്ലി, മണലിൽ എഴുതിയാണ് പഠനം. അമ്മയുടെ ചുവടുപിടിച്ച് പതിനാറാമത്തെ വയസിൽ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകുവാൻ തുടങ്ങിയതാണ് തങ്കമണി. വെട്ടൂരിലെ സ്വന്തം വീട്ടിലായിരുന്നു ആദ്യത്തെ ആശാൻ പള്ളിക്കൂടം. ഭർത്താവ് കെ.ജി.രാജൻ മരിച്ചിട്ട് ഒരുവർഷം കഴിഞ്ഞു. ചെറിയ വീട്ടിൽ കുട്ടികൾക്ക് ഇരിക്കുവാൻ ഇടമില്ലാത്തതിനാൽ അടുക്കളയുടെ ഒരു ഭാഗത്താണ് ഇപ്പോൾ പഠനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |