തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയുറപ്പാക്കാനായി സ്കൂൾ ബസുകളിൽ ഡോറിനടുത്ത് ഉൾപ്പെടെ അകത്തും പുറത്തുമായി നാല് ക്യാമറകൾ സ്ഥാപിക്കണമെന്ന് മന്ത്രി കെ.ബി ഗണേശ് കുമാർ നിയമസഭയിൽ പറഞ്ഞു. മേയിൽ സ്‌കൂൾ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് വരുമ്പോൾ ക്യാമറ ഘടിപ്പിച്ചിരിക്കണം. വാഹനങ്ങളുടെ ഫിറ്റ്സനസ് പരിശോധന ഓട്ടോമാറ്റിക്കാക്കുന്നതിനുള്ള നടപടിയാരംഭിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ വാഹനങ്ങളിലും ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കോഴിക്കോട് കണ്ണൂർ ജില്ലകളിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ പൊലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും സഹകരണത്തോടെ നടപടിയെടുക്കും.
അതേസമയം,കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളുകളിലെ പഠിതാക്കളെ മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥർ മനഃപൂർവം പരാജയപ്പെടുത്തുന്നതായും സംവിധാനം അട്ടിമറിക്കാൻ ശ്രമമുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ഒരുദ്യോഗസ്ഥൻ കെ.എസ്.ആർ.ടി.സി സ്‌കൂളിലെ ഒമ്പത് പഠിതാക്കളെയാണ് ബോധപൂർവം തോൽപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്രൈവിംഗ് ടെസ്റ്റ്
പാസാകുന്നവർ കുറഞ്ഞു
ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കിയതോടെ പാസാകുന്നവരുടെ ശതമാനം കുറഞ്ഞതായി മന്ത്രി ഗണേശ് കുമാർ. 80ശതമാനം വരെ ഉണ്ടായിരുന്ന വിജയം ഇപ്പോൾ 52 ശതമാനമാണ്. 124 പേർ പങ്കെടുത്ത ടെസ്റ്റിൽ 122 പേരെയും പാസാക്കിയ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുമുണ്ട്. ഇതാണ് പരിശോധന കർശനമാക്കിയതിലൂടെ കുറയ്ക്കാനായത്. പാസാകുന്നവരുടെ എണ്ണത്തിനല്ല,ഗുണനിലവാരത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്‌കൂളിന് മികച്ച പ്രതികരണമാണ്. അവിടെ പഠിച്ച് ലൈസൻസെടുത്തവർക്ക് പിന്നീട് കൈതെളിയാൻ പണം ചെലവാക്കേണ്ടി വരില്ല. ഇപ്പോൾ 21 ഡ്രൈവിംഗ് സ്‌കൂളുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്.
'എച്ച് ' എടുക്കൽ മാറ്റും
ഡ്രൈവിംഗ് ടെസ്റ്റിനുള്ള 'എച്ച് ' രീതി മാറ്റുമെന്ന് ആവർത്തിച്ച് മന്ത്രി ഗണേശ്കുമാർ. റിവേഴ്സ് പാർക്കിംഗും കയറ്റത്തിൽ വണ്ടിനിറുത്തി എടുക്കലുമടക്കം ഉൾപ്പെടുന്ന പുതിയ ടെസ്റ്റ് രീതി നടപ്പാക്കും.
ഫയൽ പിടിച്ചുവയ്ക്കുന്നവരെ
സ്ഥലം മാറ്റും
അഞ്ചു ദിവസത്തിലേറെ ഫയൽ പിടിച്ചുവയ്ക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ നിയമസഭയിൽ പറഞ്ഞു. എല്ലാ അപേക്ഷകളും ഓൺലൈനാണ്. ഉച്ചയ്ക്കു ശേഷം ഏജന്റുമാരും കൺസൾട്ടന്റുമാരും ഓഫീസിലെത്തുന്നത് വിലക്കമെന്നും കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |