ന്യൂഡൽഹി: നാലു പതിറ്റാണ്ടോളം രാജ്യ സുരക്ഷയെയും വികസനത്തെയും തടസപ്പെടുത്തിയ ഭീകരത, മാവോയിസ്റ്റ് ഭീഷണി, വടക്കുകിഴക്ക് മേഖലയിലെ അശാന്തി എന്നിവയ്‌ക്ക് പരിഹാരം കണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2014 മുതൽ ഭരണത്തിലുള്ള മോദി സർക്കാരിന് ഇതിനുകഴിഞ്ഞു. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പിന്തുണയുള്ള ഭീകരത രാജ്യത്ത് വളരാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. രാജ്യസഭയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ധനാഭ്യർത്ഥന ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജമ്മു കാശ്മീരിലെ ഭീകരവാദം, തിരുപ്പതി മുതൽ പശുപതിനാഥ് വരെ ബാധിച്ച ഇടതുപക്ഷ കലാപം, വടക്കുകിഴക്കൻ കലാപം എന്നിവയാൽ നാല് പതിറ്റാണ്ടിനിടെ ഏകദേശം 92,000 പൗരന്മാർ കൊല്ലപ്പെട്ടു. മോദി അധികാരത്തിൽ വരുംവരെ ഈ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ശ്രമമുണ്ടായില്ല.
അയൽരാജ്യത്ത് നിന്ന് ഭീകരർ കാശ്മീരിൽ സ്ഫോടനങ്ങളും കൊലപാതകങ്ങളും നടത്തിയപ്പോൾ വോട്ട് ബാങ്കിനെക്കുറിച്ച് ആശങ്കപ്പെട്ട് കേന്ദ്ര സർക്കാരുകൾ മൗനം പാലിച്ചു. മോദി അധികാരത്തിലെത്തിയ ശേഷം ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിച്ചു. വിഘടനവാദത്തിന് അടിസ്ഥാനമായിരുന്ന 370-ാം വകുപ്പ് റദ്ദാക്കി. പാകിസ്ഥാനിൽ പ്രവേശിച്ച് വ്യോമാക്രമണത്തിലൂടെയും സർജിക്കൽ സ്‌ട്രൈക്കിലൂടെയും മറുപടി നൽകി. ജമ്മു കാശ്മീരിൽ ഇന്ന് സ്ഥിതി മാറി. വൈകുന്നേരങ്ങളിൽ സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കുന്നു. വിജയകരമായി ഒരു ജി 20 സമ്മേളനം നടത്തി, മുഹറം ഘോഷയാത്രകൾ നടക്കുന്നു.
മാവോയിസ്റ്റ് ഭീഷണി ചെറുക്കാൻ നടപടി തുടങ്ങി. വടക്കുകിഴക്കൻ മേഖലയിലെ എല്ലാ സായുധ സംഘടനകളുമായും ചർച്ച നടത്തി. 2019 മുതൽ 12 പ്രധാന സമാധാന കരാറുകളിൽ ഒപ്പുവച്ചു. 10,900 യുവാക്കൾ ആയുധം ഉപേക്ഷിച്ചു. 2023 ഡിസംബറിൽ ഛത്തീസ്ഗഢിൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം 380 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച 30 മാവോയിസ്റ്റുകളെ കൂടി വധിച്ചു.1194 പേർ അറസ്റ്റിലായി. 1045 പേർ കീഴടങ്ങി. സജീവ മാവോയിസ്റ്റുകൾ 2619 ആയി കുറഞ്ഞു. മുൻപ് 'ഇന്ത്യ" മുന്നണി ഭരിച്ച അതേ ഛത്തീസ്ഗഢിൽ അതേ സായുധ സേനയെ ഉപയോഗിച്ചാണിത്. സമീപനത്തിന്റെ പ്രശ്നമാണ്. 2026 മാർച്ച് 31നകം മാവോയിസം തുടച്ചു നീക്കുമെന്ന് അമിത് ഷാ ആവർത്തിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കാൻ
ശ്രമമില്ല
ന്യൂഡൽഹി: രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമമില്ലെന്നും തമിഴ്നാട്ടിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നാൽ തമിഴിൽ മെഡിക്കൽ, എൻജിനിയറിംഗ് കോഴ്സുകൾ നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദിക്ക് മറ്റൊരു ഇന്ത്യൻ ഭാഷയുമായും മത്സരമില്ല. ഹിന്ദി എല്ലാ ഇന്ത്യൻ ഭാഷകളുടെയും സുഹൃത്താണ്. എല്ലാ ഇന്ത്യൻ ഭാഷകളും ശക്തിപ്പെടുന്നു. അഴിമതി മറച്ചുവയ്ക്കാൻ ഭാഷയുടെ പേരിൽ കടകൾ നടത്തുന്നവർക്ക് മറുപടി നൽകാൻ ആഗ്രഹിക്കുന്നു. ഭാഷയുടെ പേരിൽ വിഷം പരത്തുന്നവർ, ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സ്ഥലത്തെ ഭാഷകൾ ഇഷ്ടപ്പെടുമ്പോൾ ഇന്ത്യൻ ഭാഷയെ എതിർക്കുന്നത് ശരിയല്ല. ഇന്ത്യൻ ഭാഷകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി മോദി സർക്കാർ ഔദ്യോഗിക ഭാഷാ വകുപ്പിന് കീഴിൽ നടപടിയെടുത്തിട്ടുണ്ട്. പൗരന്മാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എം.പിമാർ എന്നിവരുമായി അവരുടെ സ്വന്തം ഭാഷയിൽ ഞാൻ കത്തിടപാടുകൾ നടത്തും. തെക്കൻ ഭാഷകളെ എതിർക്കുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ല. ഞാൻ ഗുജറാത്തിൽ നിന്നാണ്, നിർമ്മല സീതാരാമൻ തമിഴ്നാട്ടിൽ നിന്നാണ്.
മെഡിക്കൽ, എജിനിയറിംഗ് പഠന സാമഗ്രികൾ തമിഴിലേക്ക് വിവർത്തനം ചെയ്യാൻ തമിഴ്നാട് സർക്കാരിന് കഴിഞ്ഞിട്ടില്ല. അതിനുള്ള ധൈര്യമില്ലെന്ന് വ്യക്തം. തമിഴ്നാട്ടിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നാൽ, തമിഴിൽ മെഡിക്കൽ, എൻജിനിയറിംഗ് കോഴ്സുകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |