തിരുവനന്തപുരം: അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടു ദിവസം പിന്നിട്ടു. നിരാഹാരം കിടക്കുന്ന മൂന്നു ആശമാരിൽ ഒരാളായ ആർ.ഷീജയ്ക്ക് ഇന്നലെ വൈകിട്ടോടെ നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടു. പൊലീസെത്തി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പകരം രാത്രി ഒൻപത് മണിയോടെ ശോഭ നിരാഹാരം തുടങ്ങി.
ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു, തങ്കമണി എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്ന മറ്റുള്ളവർ. അതേസമയം, നിരാഹാരം അനുഷ്ഠിക്കുന്നവരെ സർക്കാർ ഡോക്ടർമാരെത്തി പരിശോധിക്കുന്നില്ലെന്ന് പരാതിയുണ്ട്. പ്രശ്നത്തിന് പരിഹാരമാവാത്തത് ആശമാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും കാരണമാണെന്ന മന്ത്രി എം.ബി.രാജേഷിന്റെ പ്രസ്താവനയിൽ ആശാവർക്കർമാർ പ്രതിഷേധിച്ചു.
ആരോഗ്യ മന്ത്രി മാപ്പ്
പറയണം: വി.മുരളീധരൻ
ആശാവർക്കർമാരുടെ പ്രശ്നം പരിഹരിക്കാനെന്ന് കള്ളം പറഞ്ഞ് ഡൽഹിയിൽ പോയി അത്താഴവിരുന്നിൽ പങ്കെടുത്ത ആരോഗ്യമന്ത്രി വീണാജോർജ് മാപ്പ് പറയണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ആശാവർക്കർമാരെ സമരപ്പന്തലിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ സാമാന്യമര്യാദയും സത്യസന്ധതയും വീണാജോർജ് കാണിക്കണമായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ പോകുമ്പോൾ അദ്ദേഹത്തിന് കൂടിക്കാഴ്ചയ്ക്ക് സമയമുണ്ടോ എന്നത് അന്വേഷിക്കണമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |