മെയ്‌തി വിഭാഗക്കാരനായ ജഡ്‌ജി കുക്കി ക്യാമ്പുകളിലേക്ക് പോകില്ല
ന്യൂഡൽഹി: മണിപ്പൂരിൽ ഇന്നെത്തുന്ന അഞ്ചംഗ സുപ്രീംകോടതി ജഡ്‌ജിമാരുടെ സംഘം, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിക്കും. നാഷണൽ ലീഗൽ സർവീസസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയർമാൻ കൂടിയായ ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലാണ് ജഡ്‌ജിമാർ കലാപബാധിത മേഖലകളിലെത്തുന്നത്. ജസ്റ്റിസുമാരായ വിക്രംനാഥ്, എം.എം. സുന്ദരേഷ്, കെ.വി. വിശ്വനാഥൻ, എൻ.കോട്ടീശ്വർ സിംഗ് എന്നിവരാണ് മറ്റ് അംഗങ്ങൾ. സംഘത്തിലുൾപ്പെടുത്തിയിരുന്ന ജസ്റ്റിസ് സൂര്യകാന്ത്, മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികളുള്ളതിനാൽ പിന്മാറിയിരുന്നു. അതേസമയം മണിപ്പൂരിൽ നിന്നുള്ള മെയ്‌തി വിഭാഗക്കാരനായ ജഡ്‌ജി എൻ.കോട്ടീശ്വർ സിംഗ് കുക്കി വിഭാഗത്തെ പാർപ്പിച്ചിരിക്കുന്ന ചുരാചന്ദ്പൂരിലെ ക്യാമ്പുകളിലേക്ക് പോകില്ല. സമാധാനവും ക്രമസമാധാനപാലനവും കണക്കിലെടുത്ത് മെയ്‌തി വിഭാഗത്തിലെ ജഡ്‌ജിമാർ മേഖലയിൽ വരരുതെന്ന് ചുരാചന്ദ്പൂർ ജില്ലാ ബാർ അസോസിയേഷൻ പ്രസ്‌താവനയിറക്കിയിരുന്നു.
ഇന്ന് മണിപ്പൂരിലെ മുഴുവൻ ജില്ലകളിലും നിയമസഹായ, മെഡിക്കൽ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കും.
അവശ്യ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യും. നാഷണൽ - സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടികൾ സംയുക്തമായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. മണിപ്പൂർ ഹൈക്കോടതിയുടെ 12-ാം വാർഷികാഘോഷചടങ്ങിലും ജഡ്‌ജിമാർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |