കൊൽക്കത്ത: കോടി പ്രഭയിൽ മിന്നിത്തിളങ്ങുന്ന ക്രിക്കറ്റിലെ വലിയ പൂരമായ ഇന്ത്യൻ പ്രിമീയർ ലീഗിന്റെ പതിനെട്ടാം സീസണിന് ഇന്ന് തുടക്കം. കൊൽക്കത്തിയിലെ ഈഡൻ ഗാർഡൻസിൽ രാത്രി 7.30ന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന വമ്പൻ ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷമാണ് മത്സരം തുടങ്ങുക. ഇനിയുള്ള രണ്ട് മാസക്കാലംആരാധകരെ ആവേശത്തിൽ ആറാടിക്കുന്ന ക്രിക്കറ്റിലെ മേജർ പൂരത്തിനാണ് ഇന്ന് കൊൽക്കത്തയിൽ കൊടിയേറുന്നത്. മേയ് 25ന് ഈഡൻ ഗാർഡൻസിൽ തന്നെയാണ് ഫൈനൽ പോരാട്ടവും. രാത്രിയിലെ മത്സരങ്ങൾ 7.30നും പകലത്തെ മത്സരങ്ങൾ 3.30നുമാണ് ആരംഭിക്കുക. ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ മേയ് 18ന് അവസാനിക്കും. ആകെ74 മത്സസരങ്ങളാണുള്ളത്.
പത്ത് ടീമുകൾ 2 ഗ്രൂപ്പ്
ഐ.പി.എൽ 2025ൽ കഴിഞ്ഞ തവണത്തേപ്പോലെ പ്രാഥമിക ഘട്ടത്തിൽ പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. ഒരു ഗ്രൂപ്പിൽ 5 ടീമുകൾ വീതമായിരിക്കും. ടീമുകൾ 7 വീതം ഹോം എവേ ഉൾപ്പെടെ ലീഗ് ഘട്ടത്തിൽ 14 മത്സരങ്ങൾ കളിക്കും. ഒരേ ഗ്രൂപ്പിലുള്ള ടീമുകൾ തമ്മിൽ പരസ്‌പരം രണ്ട് തവണ ഏറ്റുമുട്ടും. മറ്റേ ഗ്രൂപ്പിലുള്ള ഒരു ടീമുമായി രണ്ട് തവണയും മറ്റു ടീമുകളുമായി ഓരോ തവണയും ഏറ്റുമുട്ടും.
ഗ്രൂപ്പ് എ
ചെന്നൈ, കൊൽക്കത്ത,രാജസ്ഥാൻ, ബംഗളൂരു,പഞ്ചാബ്
ഗ്രൂപ്പ്ബി
മുംബയ്, ഗുജറാത്ത്, ഹൈദരാബാദ്,ഡൽഹി, ലക്‌നൗ
ഐ.പി.എൽ റെക്കാഡുകൾ
ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായ ടീമുകൾ
മുംബയ് ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ് അഞ്ച് തവണ വീതം
മുംബയ് (2013, 2015, 2017, 2019,2020),
ചെന്നൈ ( 2010, 2011, 2018, 2021,2023)
ഏറ്റവും കൂടുതൽ റൺസ് -
വിരാട് കൊഹ്‌ലി (ആർ.സി.ബി)- 8004
ഹൈസ്കോർ -
ക്രിസ് ഗെയ്‌ൽ (ആർ.സി.ബി)
66 പന്തിൽ 175 പൂനെയ്‌ക്കെതിരെ
ഏറ്റവും കൂടുതൽ വിക്കറ്റ് -
യൂസ്‌വേന്ദ്ര ചഹൽ (മുംബയ്,ആർ.സി.ബി, രാജസ്ഥാൻ) -205
ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത്
എം.എസ് ധോണി (ചെന്നൈ) -264
ഏറ്റവും കൂടുതൽ ക്യാച്ച് -
വിരാട് കൊഹ്‌ലി (ആർ.സി.ബി) -114
ഏറ്റവും ഉയർന്ന് ടീം ടോട്ടൽ
287/3- ഹൈദരാബാദ് കഴിഞ്ഞ സീസണിൽ ആർ.സി.ബിക്കെതിരെ
ഏറ്റവും ചെറിയ ടോട്ടൽ
49- ആർ.സിബി കൊൽക്കത്തയ്‌ക്ക് എതിരെ
വിലയേറിയ താരങ്ങൾ
റിഷഭ് പന്ത് ലക്‌നൗ- 27 കോടി
ശ്രേയസ് അയ്യർ പഞ്ചാബ് -26.75 കോടി
വെങ്കിടേഷ് അയ്യർ കൊൽക്കത്ത -23.75 കോടി
ലൈവ്
സ്റ്റാർ സ്പോർട്‌സ് ചാനലുകൾ, ജിയോ ഹോട്ട് സ്റ്റാർ
ടിക്കറ്റിന്
ബുക്ക് മൈ ഷോ, പേ ടിഎം ഇൻസൈഡർ,ഐ.പി.എൽ ടി20.കോം,
അന്നും ഇന്നും ആ 9പേർ
2008ൽ ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസൺ മുതലുള്ള 9 താരങ്ങൾ ഈ പതിനെട്ടാം സീസണിലുമുണ്ട്. എം.എസ് ധോണി (ചെന്നൈ), വിരാട് കൊഹ്‌ലി (ആർ.സി.ബി), രോഹിത് ശർമ്മ (മുംബയ്), മനീഷ് പാണ്ഡെ (കൊൽക്കത്ത), അജിങ്ക്യ രഹാനെ (കൊൽക്കത്ത), ആർ.അശ്വിൻ (ചെന്നൈ), രവീന്ദ്ര ജഡേജ (ചെന്നൈ), ഇഷാന്ത് ശർമ്മ (ഗുജറാത്ത്), സ്വപ്നിൽ സിംഗ് (ആർ.സി.ബി) എന്നിവരാണവർ.
ഇവരിലാരും അന്താരാഷ്ട്ര ട്വന്റി-20യിൽ നിലവിൽ കളിക്കുന്നില്ല. ഈ സീസണോടെ ഇവരിൽ ആരെങ്കിലും ഐ.പി.എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. 43കാരനായ ധോണിയാണ് ഇതിൽ ഏറ്റവും പ്രായമേറിയ താരം.സ്വപ്നിൽ സിംഗ് ഒഴികെ എല്ലാവരും 35 വയസ് പിന്നിട്ടവരാണ്.
ആർ.സി.ബിയുടെ കൊഹ്‌ലി മാത്രമാണ് ഇത്രയും വർഷമായി ഒരു ടീമിൽ മാത്രം കളിക്കുന്നത്. ചെന്നൈക്കൊപ്പം അഞ്ച് കിരീടങ്ങൾ നേടിയ ധോണി 2016-17 സീസണിൽ ചെന്നൈയ്ക്ക് വിലക്കായിരുന്നപ്പോൾ റൈസിംഗ് പൂനെ സൂപ്പർ ജയ്ന്റ്സിൽ കളിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |