ടെൽ അവീവ്: ഗാസയിലെ പ്രദേശങ്ങൾ പിടിച്ചെടുത്ത് രാജ്യത്തോട് കൂട്ടിച്ചേർക്കുമെന്ന് ഇസ്രയേൽ ഭീഷണി. ഹമാസ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ഹമാസ് നിസഹകരണം തുടരുന്നതനുസരിച്ച് കൂടുതൽ ഭൂമി അവർക്ക് നഷ്ടമായിക്കൊണ്ടിരിക്കും. തെക്കൻ ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കുന്നത് മുതൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച ജനങ്ങളുടെ പലായന പദ്ധതി അടക്കം എല്ലാ സൈനിക, സിവിലിയൻ സമ്മർദ്ദങ്ങളും പ്രയോഗിക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. വെടിനിറുത്തൽ കരാർ ലംഘിച്ച ഇസ്രയേൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഗാസയിൽ ശക്തമായ ആക്രമണം നടത്തിവരുന്നു. ഗാസയിൽ ആറാഴ്ച നീണ്ട ആദ്യ ഘട്ട വെടിനിറുത്തൽ മാർച്ച് ഒന്നിന് അവസാനിച്ചിരുന്നു. ഗാസയിൽ നിന്നും ഇസ്രയേലിന്റെ പൂർണ പിന്മാറ്റം അടങ്ങുന്ന രണ്ടാം ഘട്ടം തുടങ്ങണമെന്ന് ഹമാസ് പറയുന്നു. പിന്മാറ്റം ഉടൻ സാദ്ധ്യമല്ലെന്നും ഒന്നാം ഘട്ടം ഏപ്രിൽ മദ്ധ്യം വരെ നീട്ടി ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് ഇസ്രയേലിന്റെ ആവശ്യം. യു.എസും ഇതിനെ പിന്തുണയ്ക്കുന്നു. ഹമാസിന് മേൽ സമ്മർദ്ദം ശക്തമാക്കാൻ ഗാസയിലെ അതിർത്തികളടച്ച ഇസ്രയേൽ പാലസ്തീനികൾക്കുള്ള ഭക്ഷണവും മരുന്നും അടക്കമുള്ള സഹായ വിതരണവും തടഞ്ഞിരുന്നു. പിന്നാലെയാണ് പൂർണ തോതിലെ ആക്രമണം പുനരാരംഭിച്ചത്.
മരണം 590 കടന്നു
ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ചൊവ്വാഴ്ച മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 590 കടന്നു. തെക്കൻ ഗാസയിലെ റാഫയിലും വടക്ക് ബെയ്റ്റ് ലാഹിയയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കി. ഇതിനിടെ ഗാസയിലെ ഒന്നാം ഘട്ട വെടിനിറുത്തൽ ഏപ്രിൽ വരെ നീട്ടുന്നതിനായി യു.എസ് അവതരിപ്പിച്ച നിർദ്ദേശം പുനഃപരിശോധിക്കുകയാണെന്ന് ഹമാസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |