കാൻബെറ: കണ്ടാൽ ഒരു സാധാരണ ചെടി. പക്ഷേ, അറിയാതെ ഇവയെ സ്‌പർശിച്ചാൽ എട്ടിന്റെ പണി ഉറപ്പ്. അതാണ് നോർത്ത് - ഈസ്‌റ്റേൺ ഓസ്ട്രേലിയയിലെ മഴക്കാടുകളിൽ ധാരാളമായി കാണപ്പെടുന്ന ഡെൻഡ്രോക്നൈഡ് മോറോയിഡ്സ് എന്ന ചെടി. പക്ഷേ, ഇങ്ങനെ പറഞ്ഞാൽ അധികമാരും തിരിച്ചറിയില്ല. 'സൂയിസൈഡ് പ്ലാന്റ് ' എന്നാണ് ഇവ അറിയപ്പെടുന്നത്.
കണ്ടാൽ നമ്മുടെ നാട്ടിലെ ചൊറിയണത്തോട് സാദൃശ്യമുണ്ട്. പക്ഷേ, ഇവയുടെ വിഷത്തിന് മുന്നിൽ മറ്റു ചെടികൾ വെറും നിസാരം. ഈ ചെടി ചെറുതായൊന്നു ശരീരത്തിൽ തട്ടിയാൽ മതി പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ആത്മഹത്യ ചെയ്യാൻ തോന്നിപ്പോകുമത്രെ! ആസിഡ് ദേഹത്ത് വീഴുമ്പോഴും വൈദ്യുതാഘാതം ഏൽക്കുമ്പോഴും ഉണ്ടാകുന്ന കൊടും വേദനകളുടെ മിശ്രിതം ആണത്രെ ഇവയെ തൊടുമ്പോൾ ഉണ്ടാവുക. അതുകൊണ്ടാണ് ഇവ ആത്മഹത്യാ ചെടി എന്നറിയപ്പെടുന്നത്.
ലോകത്തെ ഏറ്റവും വിഷമുള്ള സസ്യങ്ങളിൽ ഒന്നാണ് ഇത്. വേരുകൾ ഒഴികെ ഹൃദയാകൃതിയിലുള്ള ഇലകൾ, തണ്ട്, പിങ്ക് - പർപ്പിൾ നിറങ്ങളിലുള്ള കായകൾ തുടങ്ങി ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും സൂചി പോലെയുള്ള ചെറു രോമങ്ങളാൽ നിറഞ്ഞതാണ്.
ഇവയിൽ സ്‌പർശിക്കുമ്പോൾ ഇതിലെ മൊറൊയ്ഡിൻ എന്ന വിഷവസ്‌തു ശരീരത്തിലെ പേശികളിലേക്ക് ദ്രുതഗതിയിൽ കടന്നു കൂടുകയും അസഹ്യമായ വേദനയ്‌ക്ക് കാരണമാവുകയും ചെയ്യുന്നു. നാഡീവ്യവസ്ഥയെ തളർത്താൻ ശേഷിയുള്ളതാണ് ഇവ. ദിവസങ്ങളോ മാസങ്ങളോ ഈ വേദന നീണ്ടുനിൽക്കും. മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമുള്ള വേദനയാണിത്.
ചെടിയുടെ മുള്ളുകൾ തറച്ചു കയറപ്പെട്ട ഭാഗം ചുവന്ന് തടിക്കും. ഈ ഭാഗത്തേക്ക് വീര്യം കുറഞ്ഞ ഹൈഡ്രോക്ലോറിക് ആസിഡ് പുരട്ടിയ ശേഷം ഹെയർ റിമൂവൽ സ്ട്രിപ് ഉപയോഗിച്ച് മുള്ളുകൾ നീക്കം ചെയ്യേണ്ടിവരും.
ഓസ്ട്രേലിയയെ കൂടാതെ മലുകു ദ്വീപുകളിലും ഇൻഡോനേഷ്യയിലും ഇവ കാണപ്പെടുന്നു. മൾബറി പഴങ്ങളോട് സാദൃശ്യമുള്ള പഴങ്ങളോടുകൂടിയ ഇവ മൂന്നുമുതൽ 10 അടി വരെ നീളത്തിൽ കാണപ്പെടുന്നു. ചില ചെറു ജീവികളയെും പക്ഷികളെയും ഈ ഭീകരൻ ചെടിയുടെ വിഷം ബാധിക്കില്ല. ജിംപി - ജിംപി എന്നാണ് പ്രാദേശിക ഭാഷയിൽ ഇവ അറിയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |