ഭോപ്പാൽ: ഇരുപത്തിയഞ്ചുകാരിയായ ഡോക്ടറെ വീടിനുളളിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ലക്‌നൗ സ്വദേശിനിയായ ഡോ റിച്ച പാണ്ഡെ ആണ് മരിച്ചത്. ഭോപ്പാലിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കൈയിൽ സൂചിയുടെ പാടുളളതായും പൊലീസ് അറിയിച്ചു, ഭോപ്പാൽ സ്വദേശിയും ദന്ത ഡോക്ടറുമായ അഭിജിത്ത് പാണ്ഡെയാണ് റിച്ചയുടെ ഭർത്താവ്. നാല് മാസം മുൻപായിരുന്നു വിവാഹം.
ഭോപ്പാലിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു റിച്ച. അതേ ആശുപത്രിയിൽ തന്നെയാണ് ഭർത്താവും ജോലി ചെയ്യുന്നത്. പൊലീസ് പറയുന്നതനുസരിച്ച്, ദമ്പതികൾ വ്യാഴാഴ്ച രാത്രി രണ്ട് മുറികളിലായാണ് ഉറങ്ങാൻ കിടന്നിരുന്നത്. പിറ്റേന്ന് രാവിലെ ഭർത്താവ് റിച്ചയെ വിളിച്ചെങ്കിലും വാതിൽ തുറന്നിരുന്നില്ല. സംശയം തോന്നിയതോടെ അഭിജിത്ത് അയൽവാസികളെ വിളിച്ചുവരുത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൂട്ട് പൊളിക്കുന്ന ഒരാൾ എത്തിയാണ് വാതിൽ തുറന്നത്.
മുറിക്കുളളിൽ പ്രവേശിച്ച അഭിജിത്ത് കണ്ടത് കട്ടിലിൽ ബോധരഹിതയായി കിടക്കുന്ന റിച്ചയെയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവതിയുടെ കൈയിൽ ഇഞ്ചക്ഷൻ എടുത്തതിന്റെ പാടുകളുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ യഥാർത്ഥ മരണകാരണം അറിയാൻ സാധിക്കുകയുളളൂവെന്ന് പൊലീസ് അറിയിച്ചു. റിച്ചയുടെ രക്ഷിതാക്കൾ എത്തിയതിനുശേഷം മാത്രമേ പോസ്റ്റ്മോർട്ടം നടപടികൾ നടത്തുകയുളളൂവെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |