തിരുവനന്തപുരം: ദിവസങ്ങൾക്ക് മുൻപ് പിടിവിട്ട് ഉയർന്ന സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും താഴേക്ക്. ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 8,230 രൂപയാണ്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 65,840 രൂപയായി കുറഞ്ഞു. ഇന്നലെ 66,160 രൂപയായിരുന്നു. അതേസമയം, വെള്ളിവിലയിലും ഇന്ന് ഇടിവുണ്ട്. 110 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില.
ഈ മാസം ആദ്യം ഒരു പവൻ സ്വർണത്തിന്റെ വില 63,520 രൂപയായിരുന്നു. പിന്നീടായിരുന്നു വില കുതിച്ചുകയറിയത്. മാർച്ച് 17ന് ശേഷം ആദ്യമായാണ് സ്വർണവില 66000ത്തിൽ നിന്ന് താഴ്ന്നിരിക്കുന്നത്. അന്താരാഷ്ട്ര വിപണിനിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.
സ്വർണത്തിൽ നിക്ഷേപിച്ചവർ ലാഭമെടുപ്പ് നടത്തിയതും വില കുറയുന്നതിലേക്ക് നയിച്ചു. ഓഹരി വിപണികൾ തിരിച്ചുവരുന്നത് സ്വർണത്തിലേക്ക് നിക്ഷേപം മാറ്റിയവരുടെ മനസ് മാറ്റാൻ ഇടയുണ്ട്. അങ്ങനെ സംഭവിക്കുന്നത് വില വലിയതോതിൽ ഉയരുന്നതിന് കാരണമാകും. വരും ദിവസങ്ങളിൽ ലാഭമെടുപ്പ് പ്രവണത വർദ്ധിച്ചാൽ സ്വർണത്തിൽ വലിയൊരു ഇടിവിന് സാദ്ധ്യതയുണ്ടെന്ന സൂചനകളും വിദഗ്ധർ നൽകുന്നുണ്ട്. അങ്ങനെ വന്നാൽ കേരളത്തിലും സ്വർണവില താഴും. അടുത്തമാസം വിവാഹ സീസൺ ആരംഭിക്കാനിരിക്കേ സ്വർണവില കുറഞ്ഞത് കുടുംബങ്ങൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |