ന്യൂഡൽഹി: യുഎസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രത്യേക നിർദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസിന്റെ നിയമങ്ങൾ അനുസരിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഹമാസ് അനുകൂല പ്രചാരണം നടത്തിയതിന് ഇന്ത്യൻ ഗവേഷക വിദ്യാർത്ഥി അറസ്റ്റിലാവുകയും മറ്റൊരു വിദ്യാർത്ഥിനി സ്വമേധയാ നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്ന പേരിൽ യുഎസ് ജോർജ്‌ടൗണിലെ സർവകലാശാലാ ഗവേഷക വിദ്യാർത്ഥിയായ ബാദർ ഖാൻ സൂരിയാണ് അറസ്റ്റിലായത്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് വ്യക്തമാക്കിയ ഇവർ ബാദറിന്റെ വിസ സർക്കാർ റദ്ദാക്കിയതായും അറിയിച്ചിരുന്നു. ബാദറിന് തീവ്രവാദികളുമായി ബന്ധമുള്ളതായും ഉദ്യോഗസ്ഥർ ആരോപിച്ചു. പാലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് കൊളംബിയ സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയിൽ നിന്ന് കാനഡയിലേയ്ക്ക് മടങ്ങിയത്. യുഎസിൽ തുടരാനുള്ള സാഹചര്യം ഇല്ലാതായതോടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) സിബിപി ആപ്പ് ഉപയോഗിച്ച് രാജ്യം വിടാനുള്ള സന്നദ്ധത രഞ്ജനി അറിയിക്കുകയായിരുന്നു.
അതേസമയം, ബാദർ ഖാൻ സൂരിയെ നാടുകടത്തരുതെന്ന് ട്രംപ് സർക്കാരിനോട് കോടതി ഉത്തരവിട്ടിരിക്കുകയാണ്. അലക്സാണ്ട്രിയയിലെ ജില്ലാ കോടതി ജഡ്ജി പട്രീഷിയ ഗിൽസാണ് ട്രംപ് സർക്കാരിനോട് ഉത്തരവിട്ടിരിക്കുന്നത്. തന്റെ ഭാര്യയുടെ പാലസ്‌തീൻ ബന്ധമാണ് അറസ്റ്റിന് കാരണമെന്നാണ് സൂരി ആരോപിക്കുന്നത്.
എന്നാൽ, ഇരുവിദ്യാർത്ഥികളും സഹായത്തിനായി യുഎസിലെ ഇന്ത്യൻ എംബസിയെ സമീപിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിദേശികൾ ഇവിടെയെത്തുമ്പോൾ ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കേണ്ടതുണ്ട്. അതുപോലെ ഇന്ത്യക്കാർ വിദേശത്തേയ്ക്ക് പോകുമ്പോൾ അവിടത്തെ നിയമങ്ങളും നിയന്ത്രങ്ങളും അനുസരിക്കേണ്ടതുണ്ട്. യുഎസിൽ അവർ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ സഹായത്തിനായി ഇന്ത്യൻ എംബസിയുണ്ടാവും. സൂരിയുമായി ബന്ധപ്പെട്ട് യുഎസ് സർക്കാരോ സൂരിയോ കേന്ദ്രസർക്കാരിനെയോ എംബസിയെയോ ബന്ധപ്പെട്ടിട്ടില്ല. മാദ്ധ്യമ റിപ്പോർട്ടുകൾ കണ്ടാണ് ഇരുവിദ്യാർത്ഥികളെക്കുറിച്ചും അറിഞ്ഞതെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |