പന്ത്രണ്ടു വർഷത്തിനുശേഷം ഭാവന തമിഴിൽ. സഹോദരൻ ജയ് ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ദ ഡോർ "സിനിമയിലൂടെ പ്രേക്ഷകരെ പേടിപ്പെടുത്താനാണ് ഭാവനയുടെ വരവ്. ഭർത്താവ് നവീൻ രാജ് നിർമ്മിക്കുന്ന സിനിമയിൽ മിത്ര എന്ന ആർക്കിടെക്ടാണ് ഭാവന. പൂർണമായി ത്രില്ലർ - ഹൊറർ സിനിമയാണ് 'ദ ഡോർ". അച്ഛന്റെ മരണത്തെ തുടർന്ന് മിത്രയുടെ മനസിൽ ചില ചിന്തകൾ രൂപപ്പെടുന്നു. ഇത് ശക്തമാകുമ്പോൾ ഒരു ചോദ്യത്തിന് പിന്നാലെ നടത്തുന്ന അന്വേഷണത്തിൽ 'ദ ഡോർ" തുറക്കുന്നു. 'ദ ഡോർ" മാർച്ച് 27ന് തിയേറ്രറിൽ എത്തുന്ന പശ്ചാത്തലത്തിൽ വിശേഷങ്ങളുമായി ഭാവനയും ജയ് ദേവും.
സഹോദരന്റെ സിനിമയിൽ നായികയായി അഭിനയിച്ചപ്പോൾ എന്ത് പ്രത്യേകത അനുഭവപ്പെട്ടു ?
ഭാവന: മഞ്ജു ചേച്ചിയെ ( മഞ്ജു വാര്യർ) പോലെ സഹോദരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ എനിക്കും സാധിച്ചു. ചേട്ടന്റെ സിനിമയിൽ ആദ്യമായി അഭിനയിച്ചതിന്റെ സന്തോഷം വലുതാണ്. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്ന സംവിധായകനെ ലൊക്കേഷനിൽ കണ്ടു. സീൻ ക്യത്യമായി പറഞ്ഞു തരും. എനിക്ക് അത് കംഫർട്ടാണ്. അപ്പോൾ തന്നെ ഒരു സ് പേസ് ലഭിക്കും. കുറച്ചു കൂടി സ്വന്തന്ത്രമായി പെർഫോം ചെയ്യാൻ സാധിക്കുന്നു. പലതരം അഭിപ്രായം ഉയർന്നാൽ എനിക്കാകെ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. താരങ്ങൾക്ക് കൃത്യമായ സ് പേസ് നൽകാൻ ചേട്ടൻ എന്ന സംവിധായകൻ ശ്രദ്ധിക്കുന്നു.
ആരംഭം മുതൽ നായികയ്ക്ക് ഭാവനയുടെ മുഖമായിരുന്നോ ?
ജയ്ദേവ്: ഭാവന തന്നെയായിരുന്നു തുടക്കം മുതൽ നായിക. കഥയുടെ ആശയം ലഭിച്ചപ്പോഴും എഴുതുമ്പോഴും മനസിൽ കണ്ടു.പതിനഞ്ചുവർഷമായി തമിഴ് സിനിമയിൽ പ്രവർത്തിക്കുന്നു .'പട്ടിണ പാക്കം" ആണ് ആദ്യ സിനിമ. രണ്ടാമത്തെ സിനിമയെപ്പറ്റി ആലോചിച്ചപ്പോൾ സ്ത്രീ കേന്ദ്രീകൃതം എന്ന ചിന്ത ഉണ്ടായി. അതിൽ എന്തുകൊണ്ട് ഭാവന അഭിനയിച്ചുകൂടാ.ഭാവന എന്ന നായിക തമിഴിലേക്ക് മടങ്ങിവരുന്ന സിനിമയാകാനും അത് മാറുന്നു.
തമിഴിൽ എങ്ങനെ ഇടവേള സംഭവിച്ചു ?
ഭാവന : തമിഴിൽ ബിസിയായിരുന്ന സമയത്താണ് പുനീത് രാജ് കുമാർ നായകനായ സിനിമയിൽ അഭിനയിക്കുന്നത്. പിന്നെ കന്നടയിൽ തിരക്കായി. ആ സിനിമകൾ എല്ലാം വലിയവിജയം നേടി.തമിഴിൽ നിന്ന് ആ സമയത്ത് നല്ല ഓഫർ വന്നില്ല. മലയാളത്തിലും കന്നടയിലും ഇപ്പോൾ സജീവം ആണ്. നല്ല കഥാപാത്രം ലഭിച്ചപ്പോൾ തമിഴിൽ വന്നു.
സിനിമയിൽ വരാൻ ഭാവനയുടെ സ്വാധീനമുണ്ടോ ?
ജയ്ദേവ്:വീട്ടിൽനിന്ന് അച്ഛൻ (ജി. ബാലചന്ദ്രൻ ) ആണ് ആദ്യം സിനിമയിൽ വരുന്നത്. അച്ഛന്റെ സ്വാധീനമാണ് ഞങ്ങൾ രണ്ടുപേരെയും സിനിമയിൽ എത്തിച്ചത്. വീട്ടിൽ സിനിമയാണ് അച്ഛൻ ഏറെയും സംസാരിച്ചത്. സിനിമ എന്ന സ്വപ്നലോകം അങ്ങനെയാണ് ഞങ്ങൾ രണ്ടുപേരുടെയും രക്തത്തിൽ കയറുന്നത്. അച്ഛൻ ഞങ്ങളെ സിനിമ കാണിക്കാൻ കൊണ്ടുപോയി.
ഭാവന : അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ ദീപം കുടകളുടെ പരസ്യചിത്രത്തിൽ ചേട്ടനും ഞാനും സ്ഥിരം മോഡലായി.' ഉണ്ണീടെ അമ്മ "എന്ന സീരിയലിൽ ചേട്ടൻ നായകനും ഞാൻ നായികയായും അഭിനയിച്ചു. ഞാൻ അന്ന് തീരുമാനിച്ചു സിനിമാനടിയാകണമെന്ന്.
ജയ്ദേവ്: നടിയാകണമെന്നും സംവിധായകനാകണമെന്നും ഞങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നത് ഒരേ സമയത്താണ്. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിൽ ഒരുപാട് പേർ കലാരംഗത്തുണ്ട്. എല്ലാം ഞങ്ങൾ രണ്ടുപേരെയും സ്വാധീനിച്ചു.
അടുത്ത സിനിമ മലയാളത്തിലാണോ?
ജയദേവ്: എല്ലാം ഒത്തുവരികയാണെങ്കിൽ മലയാളത്തിൽ തന്നെയായിരിക്കും. മലയാളത്തിലെ പ്രമുഖ താരങ്ങളുമായി സിനിമ ചെയ്യാൻ ശ്രമം നടത്തിയെങ്കിലും പല കാരണം കൊണ്ട് നീണ്ടുപോയി. അങ്ങനെയാണ് തമിഴിൽ ആദ്യ സിനിമ ചെയ്യുന്നത്.തമിഴിൽമിഷ്കിൻ, ആർ . കണ്ണൻ തുടങ്ങി നിരവധി സംവിധായകരോടൊപ്പം പ്രവർത്തിച്ചു. റോഷൻ ആൻഡ്രൂസിന്റെ കാസനോവയിൽ അസിസ്റ്റന്റ് ഡയറക്ടറായി . ബോളിവുഡ് - ഹോളിവുഡ് സിനിമയിലും പ്രവർത്തിച്ചു.രണ്ടാമത്തെ സിനിമ കന്നടയിൽ ചെയ്യാൻ ശ്രമം നടത്തിയെങ്കിലും ഓൺ ആയില്ല. വീണ്ടും തമിഴിൽ വന്നു.
തുടർച്ചായി ഹൊറർ സിനിമകൾ ?
ഭാവന : ചേട്ടന്റെ സിനിമയും ഷാജി കൈലാസ് സാറിന്റെ സിനിമയുംഒരേസമയത്താണ് സംഭവിച്ചത്. രണ്ടു ഹൊറർ സിനിമകൾ അടുപ്പിച്ച് ചെയ്യുകയാണെന്ന് അപ്പോൾ പറയുകയും ചെയ്തു. ആ സമയത്ത് അങ്ങനെ സംഭവിച്ചെന്ന് മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |