ആലപ്പുഴ: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ പ്രവർത്തകരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി സജി ചെറിയാൻ. തെറ്റിദ്ധരിക്കപ്പെട്ട കുറച്ച് പേരാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്നും ആശമാർ സമരത്തിൽ നിന്ന് പിന്മാറണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു. സർക്കാർ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് വസ്തുതാപരമായ കാര്യം. എല്ലാവരുടെയും ആവശ്യങ്ങൾ സർക്കാരിന് ഇപ്പോൾ അംഗീകരിക്കാൻ സാധിക്കില്ല. ആദ്യ പരിഗണന നിശ്ചയിച്ച കാര്യങ്ങൾ കൃത്യമായി നൽകുകയാണെന്നും മന്ത്രി വ്യക്തമാക്കി.
'ഇവർ ആരും കേന്ദ്രത്തിന് മുന്നിൽ പോയി സമരം ചെയ്യുകയോ സംസാരിക്കാനോ തയ്യാറാകുന്നില്ല. രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് പറയാൻ അതാണ് കാരണം. അത് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ട്. സമരത്തിൽ നിന്ന് സഹോദരിമാർ പിന്മാറണം. സർക്കാരിന് സാമ്പത്തിക ശേഷി വന്ന് കഴിഞ്ഞാൽ ആദ്യം പരിഗണിക്കുക ആശ പ്രവർത്തകരെയായിരിക്കും'- മന്ത്രി പറഞ്ഞു.
'ആശമാരെ കുത്തിയിളക്കി സമരം ചെയ്യിപ്പിക്കുന്ന ഒരു ടീമുണ്ട്. കെ- റെയിൽ സമരത്തിന് പിന്നിലും അങ്ങനെ ഒരു ടീമായിരുന്നു. അന്ന് അത് പറഞ്ഞതിന് എന്റെ നേരെ തിരിഞ്ഞു. മാദ്ധ്യമങ്ങൾ ഇങ്ങനെ ഊതിപ്പെരുപ്പിച്ചത് കൊണ്ട് ആശമാർക്ക് കാശ് കൊടുക്കാൻ ഉണ്ടാകുമോ? ആശമാരെ നയിക്കുന്ന സംഘടനയ്ക്ക് ഒപ്പം ആരും ഇല്ല. അവർ നടത്തുന്ന സമരത്തെ വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ ഇടതുപക്ഷത്തെ അടിക്കാനുള്ള വടിയായി എടുത്ത് ഉപയോഗിക്കുകയാണ്. പാവപ്പെട്ട സ്ത്രീകൾ അതൊക്കെ വിശ്വസിക്കുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി അല്ലേ ഞങ്ങൾ ഇങ്ങനെ പുലി പോലെ നിൽക്കുന്നത്'- സജി ചെറിയാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |