കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 174/8, ആർ.സി.ബി 177/3
ആദ്യ മത്സരത്തിൽ കൊൽക്കത്തയെ കീഴടക്കി ആർ.സി.ബി
കൊൽക്കത്ത : മഴ മാറി നിന്ന സന്ധ്യയിൽ ആട്ടവും പാട്ടും മേളവുമായി തുടങ്ങിയ 18-ാം സീസൺ ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ വിജയം റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന് . ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നിശ്ചിത 20 ഓവറിൽ 174/8 എന്ന സ്കോറിൽ ഒതുക്കിയശേഷം മൂന്നുവിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 16.2 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു ആർ.സി.ബി.
അർദ്ധസെഞ്ച്വറി നേടിയ നായകൻ അജിങ്ക്യ രഹാനെയുടേയും 44 റൺസ് നേടിയ സുനിൽ നരെയ്ന്റെയും 30 റൺസ് നേടിയ ആൻഗ്രിഷ് രഘുവംശിയുടെയും ഇന്നിംഗ്സുകളാണ് കൊൽക്കത്തയെ 174ലെത്തിച്ചത്. എന്നാൽ അർദ്ധസെഞ്ച്വറികളുമായി കളം നിറഞ്ഞ മുൻ നായകൻ വിരാട് കൊഹ്‌ലിയും (36 പന്തുകളിൽ നാലു ഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 59 റൺസ്) ഫിൽ സാൾട്ടും (31 പന്തുകളിൽ ഒൻപത് ഫോറും രണ്ട് സിക്സുമടക്കം 56) നായകൻ രജത് പാട്ടീദാറും (16 പന്തിൽ അഞ്ചുഫോറും ഒരു സിക്സുമടക്കം 34) ചേർന്ന് നിലവിലെ ചാമ്പ്യൻസിനെ തകർക്കുകയായിരുന്നു. ഓപ്പണിംഗിൽ സാൾട്ടും വിരാടും ചേർന്ന് 8.3 ഓവറിൽ 95 റൺസാണ് വാരിക്കൂട്ടിയത്. 22 പന്തുകൾ ബാക്കി നിൽക്കേയാണ് ആർ.സി.ബിയുടെ ജയം.
രണ്ടാം പന്തിൽ ഈ സീസണിലെ ആദ്യ ബൗണ്ടറി നേടി തുടങ്ങിയ ക്വിന്റൺ ഡി കോക്കിനെ(4) അഞ്ചാം പന്തിൽ സുയാഷ് ശർമ്മയുടെ കയ്യിലെത്തിച്ച് ജോഷ് ഹേസൽവുഡ് ഈ സീസണിലെ ആദ്യ വിക്കറ്റിന് ഉടമയായി. തുടർന്ന് ക്രീസിലൊരുമിച്ച രഹാനെയും നരെയ്നും ചേർന്ന് 103 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ആദ്യ അഞ്ചോവർ പിന്നിടുമ്പോൾ 40/1 എന്ന നിലയിലായിരുന്നു കൊൽക്കത്ത.ആറാം ഓവറിൽ യഷ് ദയാലിനെതിരെ 20 റൺസാണ് രഹാനെയും നരെയ്നും ചേർന്ന് നേടിയത്.10 ഓവറിൽ ടീം സ്കോർ 107ലെത്തിച്ചശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 26 പന്തുകളിൽ അഞ്ച് സിക്സും മൂന്നുഫോറും നേടിയ നരെയ്നെ റാസിഖ് സലാമാണ് മടക്കി അയച്ചത്.11-ാം ഓവറിന്റെ മൂന്നാം പന്തിൽ രഹാനെയും മടങ്ങി.31 പന്തുകളിൽ ആറുഫോറുകളും നാലുസിക്സുകളും പായിച്ച രഹാനെയെ ക്രുനാൽ പാണ്ഡ്യയാണ് മടക്കി അയച്ചത്. തന്റെ അടുത്ത ഓവറിൽ അപകടകാരിയായ വെങ്കടേഷ് അയ്യരെയും (6) പാണ്ഡ്യ മടക്കി അയച്ചു. തുടർന്നാണ് രഘുവംശി സ്കോർ ഉയർത്താൻ നോക്കിയത്. എന്നാൽ മറ്റുള്ളവരിൽ നിന്ന് വലിയ പിന്തുണ ഈ യുവതാരത്തിന് ലഭിച്ചില്ല. റിങ്കു സിംഗ് (12), റസൽ (4) എന്നിവരുടെ പുറത്താകലും കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.
ആർ.സി.ബിക്ക് വേണ്ടി ക്രുനാൽ പാണ്ഡ്യ മൂന്ന് വിക്കറ്റുകളും ഹേസൽ വുഡ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.സുയാഷ് ശർമ്മ,യഷ് ദയാൽ, റാസിഖ് സലാം എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
100 സുനിൽ നരെയ്ൻ ഐ.പി.എല്ലിൽ 100 സിക്സുകൾ തികച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |