മോണ്ടിവിഡിയോ : ഉറുഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് മെസിയില്ലാതെ ഇറങ്ങിയ അർജന്റീന ഫിഫ ലോകകപ്പ് യോഗ്യതയ്ക്ക് അരികിലെത്തി. ഉറുഗ്വേയുടെ ഹോംഗ്രൗണ്ടിൽ 68-ാം മിനിട്ടിൽ തിയാഗോ അൽമാഡ നേടിയ ഗോളിനാണ് അർജന്റീനയുടെ ജയം.മെസിയെക്കൂടാതെ ലൗത്താരോ മാർട്ടിനസും അർജന്റീന നിരയിൽ ഇല്ലായിരുന്നു.
ബോക്‌സിൽ നിരന്നുനിന്ന ഉറുഗ്വേ താരങ്ങളെ നിഷ്പ്രഭരാക്കിയാണ് അൽമാഡ ബോക്‌സിനു പുറത്തുനിന്ന് വലംകാലുകൊണ്ട് വലയുടെ വലതുമൂലയിലേക്ക് വിജയഗോൾ പായിച്ചത്.കളിയുടെ അവസാന മിനിട്ടിൽ അർജന്റീനയുടെ നിക്കോളാസ് ഗോൺസാലസിന് ചുവപ്പുകാർഡ് കാണേണ്ടിവന്നിരുന്നു.
13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റോടെ അർജന്റീന തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിലെ പട്ടികയിൽ ഒന്നാമതാണ്. രണ്ടാമതുള്ള ഇക്വഡോറിനേക്കാൾ ആറ് പോയിന്റ് മുന്നിൽ. ഒരു സമനിലകൂടി ലഭിച്ചാൽ യോഗ്യതാ മാർക്ക് കടക്കാനാകും. ഈമാസം 26-ന് ബ്രസീലിനെതിരെയാണ് അടുത്ത മത്സരം. പരിക്കുകാരണം മെസിയും നെയ്മറും ഈ ഏറ്റുമുട്ടലിൽ ഉണ്ടാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |