SignIn
Kerala Kaumudi Online
Saturday, 19 April 2025 11.31 PM IST

ഏറ്റവും ശ്രദ്ധിക്കേണ്ടത് മഴയ്ക്കുശേഷമുള്ള ദിവസങ്ങളെ, ഫാനിട്ടാൽ പണി ഉറപ്പായും പാളും

Increase Font Size Decrease Font Size Print Page
kerala

മാർച്ച് മാസം അവസാനിക്കും മുമ്പേ വെന്തുരുകുകയാണ് പാലക്കാട്. ഇടമഴ ലഭിച്ചില്ലെങ്കിൽ അടുത്ത മാസം ചൂട് 40 - 43 ഡിഗ്രിയിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ പാലക്കാട്ടുകാർ ശരിക്കും വിയർത്തു കുളിക്കും. കഴിഞ്ഞ പത്തു ദിവസത്തിലേറെയായി 35 മുതൽ 38 ഡിഗ്രി സെൽഷ്യസിലാണ് പകൽ താപനില. മുണ്ടൂർ, പട്ടാമ്പി, മലമ്പുഴ, തൃത്താല എന്നിവിടങ്ങളിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. രാവിലെ 10 മണിയാകുമ്പോഴേക്കും പുറത്തിറങ്ങാനാവാത്ത ചൂടാണ് അനുഭവപ്പെടുന്നത്.

പാലക്കാടൻ ചുരം വഴിയുള്ള വരണ്ട ചൂടേറിയ കാറ്റ് പാലക്കാട്, തൃശൂർ മേഖലയിലേക്ക് വീശാൻ തുടങ്ങിക്കഴിഞ്ഞു. ഇത് യഥാർത്ഥ വേനൽ തുടങ്ങിയതിന്റെ സൂചനയാണ്. വൈകുന്നേരം 4 കഴിഞ്ഞും ജില്ലകളിൽ താപനില 35 ഡിഗി സെൽഷ്യസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, തീരദേശ / ഇടനാട് മേഖലയിൽ അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ രാത്രിയും അസ്വസ്ഥത നിറഞ്ഞ സാഹചര്യം തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ അൾട്രാവയലറ്റ് ഇൻഡക്സ് കൂടുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞു

മഴക്കാലത്ത് പരമാവധി സംഭരണശേഷിയോട് അടുത്തെത്തിയിരുന്ന ഡാമുകളിൽ പലതും നിലവിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു. 115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള മലമ്പുഴ ഡാമിൽ നിലവിൽ ജലനിരപ്പ് 100 മീറ്ററിൽ താഴെയാണ്. കഴിഞ്ഞ മൂന്നു മാസത്തിലധികമായി മലമ്പുഴയിൽ നിന്ന് ഇടതു - വലതുകര കനാലുകൾ വഴി കൃഷിക്ക് ജലവിതരണം നടത്തുന്നുണ്ട്.

ഡാമിൽ നിന്ന് പാലക്കാട് നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും കുടിവെള്ള വിതരണവും നടത്തുന്നുണ്ട്. ഡാമിലെ ജലനിരപ്പ് കുറയുന്നത് കുടിവെള്ളം കിട്ടാക്കനിയാക്കുമോ എന്ന ആശങ്ക ഉയർത്തുന്നു. വേനൽ ആരംഭത്തിൽ തന്നെ കനത്ത ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.

അൾട്രാവയലറ്റ് രശ്മികളെ കരുതണം

ഇടയ്ക്കിടെ വേനൽമഴ പെയ്ത് അന്തരീക്ഷം തെളിയുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. സൂര്യനിൽ നിന്നുള്ള അപകടകരമായ അൾട്രാവയലറ്റ് രശ്മികൾ (യു.വി) കൂടുതൽ ശക്തമായി പതിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മഴക്കാറും മഴയും പൊടിപടലങ്ങളുമുണ്ടെങ്കിൽ പേടിക്കേണ്ട. എന്നാൽ, ഒഴിഞ്ഞ അന്തരീക്ഷത്തിൽ തടസങ്ങളില്ലാതെ വേഗം ഭൂമിയിലെത്തുന്ന രശ്മികൾ തുടർച്ചയായി ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. നിറം മാറി പൊള്ളലുണ്ടാക്കാം. കാഴ്ചശക്തിയെയും പ്രതിരോധശക്തിയെയും ബാധിക്കാം.

2014നു ശേഷം യു.വിയുടെ ശക്തി വർദ്ധിക്കുന്നതായാണു നിരീക്ഷണം. അതു ചൂടിന്റെ തീവ്രത വർദ്ധിപ്പിക്കും. യു.വി - എ, യു.വി - ബി, യു.വി - സി എന്നിങ്ങനെ മൂന്നുതരമുണ്ട് അൾട്രാ വയലറ്റ് രശ്മികൾ. കൂടുതൽ ശക്തിയുള്ള സി താഴെ പതിക്കാതെ ഭൂമിക്കു 2 കിലോമീറ്റർ മുകളിൽ വച്ചു വിവിധ വാതകങ്ങൾ വലിച്ചെടുക്കും. ഭൂമിയിലെത്തുന്ന യു.വി - ബി കണ്ണിലെ തിമിരത്തിന് ഉൾപ്പെടെ കാരണമാകും. വിവിധ ത്വക് രോഗങ്ങളും ഉണ്ടാക്കും. യുവി - എ ജീവജാലങ്ങളുടെ ശരീരത്തിലെ സൂക്ഷ്മജീവികളെ നശിപ്പിക്കുമെന്നാണു നിഗമനം.

ചൂടു രൂക്ഷമാക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്ന മാരകമായ അൾട്രാ വയലറ്റ് രശ്മിയുടെ അളവു രേഖപ്പെടുത്താനും പ്രത്യാഘാതം വിലയിരുത്താനും സെൻസറുകൾ സ്ഥാപിക്കും. രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു സംരംഭം. ചൂടു വ്യാപകമായി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് യു.വി അളവും പ്രത്യാഘാതവും നിരീക്ഷിച്ചു തുടർ നടപടികൾക്കു യു.എൻ.ഡി.പി സഹായത്തോടെ ദുരന്തനിവാരണ അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്.

ചൂടിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതിൽ പ്രധാന ഘടകമാണു യുവി. കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചു മുഴുവൻ ജില്ലകളിലും യു.വി സെൻസർ സ്ഥാപിക്കുമെന്ന് അതോറിറ്റി അധികൃതർ അറിയിച്ചു. യു.വിയുടെ അളവു ജി.പി.എസ് മുഖേന അതോറിറ്റി വെബ്‌സൈറ്റിൽ എല്ലാവർക്കും ലഭ്യമാക്കും. തീവ്രത വിലയിരുത്തി കൂടുതൽ ഫലപ്രദമായ കരുതൽ നടപടി സ്വീകരിക്കാനാകുമെന്നാണു വിലയിരുത്തൽ. രശ്മിയുടെ അളവു കണക്കാക്കാൻ നിലവിൽ ഉപകരണങ്ങളില്ല.കഴിഞ്ഞ വർഷം ഫെബ്രുവരി 25 മുതൽ ജൂൺ 1 വരെ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാൽ 1676 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ 800 പേർ സൂര്യാതപത്തിൽ പൊള്ളലേറ്റവരാണ്.

പകൽപോലെ രാത്രിയിലും

സംസ്ഥാനത്ത് പകൽ പോലെ രാത്രിയിലും ചൂട് അനുഭവപ്പെടുകയാണ്. നിലവിൽ പലയിടങ്ങളിലും രാത്രി താപനില 28 - 30 ഡിഗ്രി സെൽഷ്യസാണ്. അതോടൊപ്പം ഈർപ്പം 80 - 90% ആയി. പൊതുവേ പുഴുങ്ങൽ അന്തരീക്ഷസ്ഥിതിയാണ് ഇപ്പോഴുള്ളത്. വരും ദിവസങ്ങളിൽ ചൂട് ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട് ചീമേനിയിൽ സൂര്യഘാതമേറ്റ് വയോധികൻ മരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സാധാരണയെക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണു കണ്ണൂർ, കാസർകോട് ജില്ലകളിലെ ചൂട്. അതിനാൽ ജാഗ്രത കൈവിടരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പകൽ ഉയർന്ന താപനില 35 - 40 ഡിഗ്രി ഇടയിലാണ്. അനൗദ്യോഗികമായി കേരളത്തിൽ പലയിടങ്ങളിലും ഇതിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ട്. ഫാനിട്ട് ശരീരം തണുപ്പിക്കാമെന്ന് കരുതിയാൽ ലഭിക്കുന്ന കാറ്റും ചൂടാണ്.

സംസ്ഥാനത്ത് ഓരോ ദിവസവും അൾട്രാവയലറ്റ് സൂചിക വർദ്ധിച്ചുവരുന്നു. ഇടുക്കിയിലും കൊല്ലത്തുമാണ് ഏറ്റവും ശക്തമാകുന്നത്. നിലവിൽ യു.വി സൂചിക റെഡ് ലെവലായ 11ൽ എത്തിയിരിക്കുകയാണ്. കോട്ടയം, പാലക്കാട് എന്നീ ജില്ലകൾ ഓറഞ്ച് ലെവലിൽ ആണ് നിൽക്കുന്നത്. ഇടയ്ക്കിടെ വേനൽമഴ ലഭിക്കുന്ന പ്രദേശങ്ങളിലെല്ലാം യു.വി തോത് കുറയുന്നതായി കാണപ്പെടുന്നു.


ഓറഞ്ച് ലെവൽ (810) രേഖപ്പെടുത്തിയ ജില്ലകൾ

പത്തനംതിട്ട –10
ആലപ്പുഴ – 10
കോട്ടയം – 9
പാലക്കാട് – 9
മലപ്പുറം – 8

യെല്ലോ ലെവൽ (67) രേഖപ്പെടുത്തിയ ജില്ലകൾ

കോഴിക്കോട് – 7
തൃശൂർ – 7
തിരുവനന്തപുരം – 6
എറണാകുളം – 6
വയനാട് – 6
കണ്ണൂർ – 5
കാസർകോട് – 4

TAGS: WEATHER, HOT, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.