തൊടുപുഴ: പക്ഷാഘാതം ബാധിച്ച് അച്ഛൻ വെന്റിലേറ്ററിൽ ചികിത്സയിലാണെന്ന സങ്കടം ഉള്ളിലൊതുക്കിയാണ് മുൻ കലാതിലകം കൂടിയായ കെ.എസ്. സേതുലക്ഷ്മി കലോത്സവ വേദികളിലൊന്നിൽ നിന്ന് മറ്റൊന്നിലേക്കെത്തി ഓരോ ഇനങ്ങളും പകർന്നാടിയത്. 'കോളേജിന്റെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തവണ പങ്കെടുത്തത്. ഫലപ്രഖ്യാപനത്തിന് ശേഷം വേദിയിൽ നിന്ന് സമ്മാനം മേടിക്കുന്ന വീഡിയോ എടുത്ത് അച്ഛനെ കാണിച്ച് കൊടുക്കണം" ഓട്ടൻതുള്ളൽ മത്സരത്തിന് ശേഷം എറണാകുളം സെന്റ് തെരേസാസ് കോളേജിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയായ സേതുലക്ഷ്മി പറഞ്ഞു. എന്നാൽ മത്സരഫലം വന്നപ്പോൾ രണ്ടാമതായി. കഴിഞ്ഞ തിരുവോണത്തിന് മുമ്പാണ് അച്ഛൻ ചേർത്തല സ്വദേശി സന്തോഷ് കാച്ചൂക്കാട്ടിന് പക്ഷാഘാതമുണ്ടാകുന്നത്. തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയവേ നില ഗുരുതരമായതോടെ പുഷ്പഗിരിയിലേക്ക് മാറ്റി. മകൾ വലിയൊരു കലാകാരിയായി കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു ആർട്ടിസ്റ്റ് കൂടിയായ സന്തോഷ്. ചികിത്സയ്ക്കായി 54 ലക്ഷത്തോളം രൂപ വേണ്ടി വന്നത് കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. കേരള നടനം, നാടോടി നൃത്തം, ഓട്ടൻതുള്ളൽ ഇനങ്ങളിൽ മത്സരിച്ചത് കോളേജിന്റെയും സഹപാഠികളുടെയും സാമ്പത്തിക സഹായത്താലാണ്. കേരളനടനത്തിനും നാടോടി നൃത്തത്തിനും മറ്റ് മത്സരാർത്ഥികൾ അപ്പീൽ നൽകിയതിനാൽ ഫലം പ്രഖാപിച്ചിട്ടില്ല. പ്രതീക്ഷയുള്ള ഓട്ടൻതുള്ളലിൽ രണ്ടാമതെത്തിയതോടെ സേതു ലക്ഷ്മിയും അപ്പീൽ നൽകിയിരിക്കുകയാണ്. മകൾ സമ്മാനം വാങ്ങുന്ന നിമിഷം മൊബൈലിൽ പകർത്തി അച്ഛനെ കാണിക്കാൻ ആശുപത്രിയിൽ നിന്ന് ഓടിയെത്തിയ ഡാൻസ് ടീച്ചർ കൂടിയായ അമ്മ രശ്മി സന്തോഷും, പ്ലസ്ടു വിദ്യാർത്ഥിയായ സഹോദരൻ ഗോകുൽ കൃഷ്ണയും നിരാശയോടെയാണ് കലോത്സവ നഗരി വിട്ടത്. 2023ലെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലും സേതുലക്ഷ്മി കലാതിലകമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |